July 31, 2010

സലഫി വീക്ഷണം പ്രതിലോമപരതയുടെ പ്രതീകമോ?



മതവിഷയത്തിലും ലൗകിക കാര്യങ്ങളിലും ഒരുപോലെ മുസ്‌ലിം സമൂഹത്തെ പതിനാലു നൂറ്റാണ്ടു മുമ്പത്തെ അവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുപോവുകയാണ്‌ സലഫികള്‍ ചെയ്യുന്നതെന്ന്‌ പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമുസ്‌ലിം വിമര്‍ശകര്‍ മാത്രമല്ല, കാലത്തിനും ലോകത്തിനും മുമ്പില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന ഗുണകാംക്ഷികള്‍ പോലുമുണ്ട്‌ സലഫീ ആദര്‍ശത്തെ സംബന്ധിച്ച്‌ സംശയമോ തെറ്റിദ്ധാരണയോ പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍. നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിം പ്രതിഭാശാലികള്‍ ഗവേഷണ പഠനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ആശയങ്ങളെയൊക്കെ ബിദ്‌അത്തുകള്‍ എന്ന നിലയിലോ സച്ചരിതരായ പൂര്‍വികര്‍ മാതൃക കാണിക്കാത്തത്‌ എന്ന നിലയിലോ തള്ളിക്കളയാനാണ്‌ സലഫികള്‍ ആഹ്വാനം ചെയ്യുന്നത്‌ എന്ന്‌ സമര്‍ഥിച്ചുകൊണ്ടാണ്‌ പലരും വിരുദ്ധ പ്രചാരണം നടത്തുന്നത്‌. ക്ലാസിക്കല്‍ ഇസ്‌ലാമിന്റെ കാലഘട്ടത്തിലെ അഥവാ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തിലെ സ്ഥിതി ഇങ്ങനെയായിരുന്നില്ലെന്നും, അന്ന്‌ വികസിത ചിന്തയ്‌ക്കും അഭിപ്രായ പ്രകടനത്തിനും ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നുവെന്നും വിമര്‍ശകര്‍ വാദിക്കുന്നു.


സലഫികളും ഇതര മുസ്‌ലിം വിഭാഗങ്ങളും ഒരുപോലെ വസ്‌തുനിഷ്‌ഠമായ വിശകലനത്തിന്‌ വിധേയമാക്കേണ്ട വിഷയമാണിത്‌. അബ്ബാസിയാ ഭരണത്തിന്റെ പ്രതാപകാലത്ത്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ സമാഹരിച്ച്‌ അറബി ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യാനും അവയിലെ വിജ്ഞാനം മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധിക മുന്നേറ്റത്തിനു വേണ്ടി ഉപയോഗപ്പെടുത്താനും ഭരണകൂടത്തിന്റെ പിന്തുണയോടെ വിപുലമായ ശ്രമങ്ങള്‍ നടക്കുകയുണ്ടായി. ലക്ഷക്കണക്കില്‍ കയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറികള്‍ ഗവേഷണപഠനങ്ങള്‍ക്ക്‌ ആക്കംകൂട്ടുകയും ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ ബഗ്‌ദാദ്‌ ലോകത്തിലെ തന്നെ ഏറ്റവുമധികം വൈജ്ഞാനിക വികാസം സിദ്ധിച്ച നഗരമായി പരിണമിക്കുകയും ചെയ്‌തു. മുസ്‌ലിം സ്‌പെയിനിലെ കോര്‍ഡോവ, ഗ്രാനഡ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചും അഭൂതപൂര്‍വകമായ വൈജ്ഞാനിക വികാസം ഉണ്ടായി. ഗ്രീസിലെയും റോമിലെയും ഈജിപ്‌തിലെയും പേര്‍ഷ്യയിലെയും ഇന്ത്യയിലെയും പല ഗ്രന്ഥങ്ങളും പാശ്ചാത്യര്‍ക്ക്‌ ലഭ്യമായത്‌ അറബികളുടെ വിവര്‍ത്തനങ്ങള്‍ മുഖേനയാണ്‌. നിഷ്‌പക്ഷരായ പാശ്ചാത്യ ചരിത്രകാരന്മാര്‍ ഇസ്‌ലാമിന്റെ സുവര്‍ണയുഗത്തില്‍ ബഗ്‌ദാദ്‌ കേന്ദ്രീകരിച്ച്‌ നടന്ന വൈജ്ഞാനിക വികാസത്തിന്‌ വലിയ വില കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ നടന്നതല്ല ഈ വൈജ്ഞാനിക വികാസം എന്നതിനാല്‍ സലഫീ പാരമ്പര്യമുള്ള പണ്ഡിതന്മാര്‍ അതിനെ അനുകൂലിച്ചിട്ടില്ലെന്നും ഇന്നത്തെ സലഫികളും വൈജ്ഞാനിക സാഹിത്യമേഖലകളിലെ ആധുനികതയെ എതിര്‍ക്കുകയാണ്‌ ചെയ്യുന്നതെന്നും വിമര്‍ശകര്‍ വാദിക്കുന്നു.


മുസ്‌ലിംകള്‍ എക്കാലത്തും പിന്തുടരേണ്ടത്‌ സലഫുസ്സ്വാലിഹുകളുടെ അഥവാ സച്ചരിതരായ മുന്‍ഗാമികളുടെ ആശയാദര്‍ശങ്ങളെയാണെന്ന്‌ വാദിക്കുന്ന സലഫികള്‍ യഥാര്‍ഥത്തില്‍ വൈജ്ഞാനിക പുരോഗതിക്ക്‌ പുറംതിരിഞ്ഞു നില്‍ക്കുകയാണോ ചെയ്യുന്നത്‌? അഹ്‌മദുബ്‌നു ഹന്‍ബലിനെപ്പോലുള്ള സലഫുകള്‍ വിജ്ഞാനരംഗത്തെ സമകാലിക പ്രവണതകളെ എതിര്‍ക്കുകയാണോ ചെയ്‌തത്‌? ശാസ്‌ത്ര സാങ്കേതിക രംഗങ്ങളില്‍ ആധുനിക സമൂഹങ്ങള്‍ക്കൊപ്പം മുന്നേറാന്‍ മുസ്‌ലിംകളെ സലഫികള്‍ പ്രേരിപ്പിക്കുന്നുണ്ടോ? സലഫീ പണ്ഡിതന്മാരുടെ മാര്‍ഗനിര്‍ദേശപ്രകാരം ഭരണം നടക്കുന്ന സുഊദി അറേബ്യയില്‍ കാലം മരവിച്ചു കിടക്കുന്നു എന്ന ചിലരുടെ പ്രചാരണത്തിന്‌ വല്ല അടിസ്ഥാനവുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക്‌ വിവിധ വിഭാഗങ്ങള്‍ നല്‍കുന്ന ഉത്തരം അവരുടെ മതപരമായ വീക്ഷണവ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും.


ഏത്‌ കാലത്തും ഏത്‌ നാട്ടിലും പഴമയുടെയും പുതുമയുടെയും കാര്യത്തില്‍ ജനങ്ങള്‍ രണ്ടുചേരിയിലാണ്‌. പ്രായംചെന്ന തലമുറയില്‍ പലരും പഴയ സമ്പ്രാദയങ്ങളെ ഗൃഹാതുരത്വത്തോടെ ശ്ലാഘിക്കുകയും പുതിയ ജീവിതരീതികളെ ദോഷൈകദൃഷ്‌ടിയോടെ വിമര്‍ശിക്കുകയും ചെയ്യും. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഗുണഗണങ്ങള്‍ എടുത്തുപറയുന്ന ചിലരെ ഇപ്പോഴും നമ്മുടെ നാട്ടില്‍ കണ്ടെത്താന്‍ കഴിയും. ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ എക്കാലത്തും സ്വഹാബികളുടെ കാലത്തെ ആദരാതിശയങ്ങളോടെ വിലയിരുത്തിപ്പോന്നിട്ടുണ്ട്‌. ഏത്‌ കാലത്തും പുതുതലമുറയില്‍ അധികപേരും നൂതനാശയങ്ങളോടും പുതിയ കണ്ടെത്തലുകളോടും അഭിനിവേശം പുലര്‍ത്തിപ്പോരുകയാണ്‌ ചെയ്യുന്നത്‌. നാഗരിക പുരോഗതിക്ക്‌ അനുപേക്ഷ്യമായ ഒരു പ്രധാനഗുണമാണ്‌ നവീകരണത്തിനു വേണ്ടിയുള്ള വെമ്പല്‍ എന്ന യാഥാര്‍ഥ്യത്തെ ആര്‍ക്കും അവഗണിക്കാനാവില്ല. എന്നാല്‍ പഴയ മനുഷ്യരും പുതിയ മനുഷ്യരും ഒരുപോലെ ചില വിഷയങ്ങളില്‍ തെറ്റുപറ്റാന്‍ സാധ്യതയുള്ളവരാണ്‌. തെറ്റ്‌ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുകയാണ്‌ മതപരവും ലൗകികവുമായ വിഷയങ്ങളില്‍ വിജയിക്കാനും മുന്നേറാനും അനിവാര്യമായിട്ടുള്ളത്‌. ആദം സന്തതികളെല്ലാം തെറ്റുപറ്റാവുന്നവരാണെന്നും തെറ്റുപറ്റുന്നവരില്‍ ഏറ്റവും നല്ലവര്‍ പശ്ചാത്തപിച്ചുമടങ്ങുന്നവരാണെന്നും വ്യക്തമാക്കിയ മുഹമ്മദ്‌ നബി(സ) തെറ്റും തിരുത്തുമായി മുന്നോട്ടുനീങ്ങുന്ന നാഗരിക പ്രയാണത്തിന്‌ ശരിയായ ദിശ കാണിക്കുകയാണ്‌ ചെയ്‌തത്‌.


ഖുര്‍ആനില്‍ നിന്നും പ്രവാചക നടപടികളില്‍ നിന്നും ഇസ്‌ലാമിക തത്വങ്ങള്‍ നിര്‍ധരിച്ചെടുക്കുമ്പോള്‍ തെറ്റ്‌ പറ്റാനുള്ള സാധ്യതയെ നബി(സ) ദീര്‍ഘദര്‍ശനം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ തെറ്റുപറ്റുന്നവരെ കുറ്റപ്പെടുത്തുകയല്ല സത്യം കണ്ടെത്താന്‍ ശ്രമിച്ച വകയില്‍ അവര്‍ക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പഠനഗവേഷണങ്ങളില്‍ സംഭവിക്കുന്ന തെറ്റുകളുടെ നേര്‍ക്കുള്ള ഉദാരമായ ഈ നിലപാട്‌ ഒരു സമൂഹത്തിന്റെ സര്‍വതോമുഖമായ വികാസത്തിന്‌ ഉത്തേജനമേകാന്‍ പര്യാപ്‌തമത്രെ. അതുകൊണ്ടാണ്‌ പ്രവാചകശിഷ്യന്മാര്‍ക്കും അവരുടെ അടുത്ത തലമുറകള്‍ക്കും അഭൂതപൂര്‍വകമായ വൈജ്ഞാനിക-നാഗരിക മുന്നേറ്റം സാധ്യമായത്‌. പുതിയ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളെ ഇസ്‌ലാമിക ദൃഷ്‌ട്യാ വിലയിരുത്തുമ്പോള്‍ വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവന്നതിനെ അക്കാലത്ത്‌ ആരും അസഹിഷ്‌ണുതയോടെ വിലയിരുത്തിയിരുന്നില്ല. ലൗകിക വിജ്ഞാനത്തിന്റെ ഏത്‌ ശാഖകളില്‍ നടക്കുന്ന പഠനങ്ങളെയും അവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്‌തിരുന്നു. അഹ്‌മദുബ്‌നു ഹമ്പലിനെപ്പോലുള്ള സലഫീ പണ്ഡിതന്മാര്‍ സമകാലിക വൈജ്ഞാനിക പുരോഗതിക്ക്‌ നേരെ പുറംതിരിഞ്ഞു നിന്നു എന്നതിന്‌ തെളിവൊന്നുമില്ല.

എന്നാല്‍ ചില അനിസ്‌ലാമിക ദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ അകപ്പെട്ട പണ്ഡിതന്മാര്‍ ഖുര്‍ആന്‍ ഒരു സൃഷ്‌ടിയാണെന്ന വാദം ഉന്നയിക്കുകയും ഖലീഫ ആ വാദത്തെ അംഗീകരിക്കുകയും ചെയ്‌തപ്പോള്‍ ഇമാം അഹ്‌മദ്‌ അതിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌ സ്വാഭാവികമാണ്‌. സര്‍വജ്ഞനായ സ്രഷ്‌ടാവ്‌ മാനവരാശിയുടെ മൊത്തം മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിച്ച കാലഹരണപ്പെടാത്ത വേദഗ്രന്ഥത്തെ മനുഷ്യരചനകളുടെ തലത്തിലേക്ക്‌ താഴ്‌ത്തുന്നതിനെ പ്രതിരോധിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.

അല്ലാഹുവിന്റെ ദീന്‍ അവന്റെ ഗ്രന്ഥത്തില്‍ പറഞ്ഞതും അവന്‍ നിയോഗിച്ച അന്തിമ പ്രവാചകന്‍ വിശദീകരിച്ചതുമാണെന്ന സത്യം തുറന്നുപറയുകയും മതത്തില്‍ നൂതന നിര്‍മിതികള്‍ പാടില്ലെന്ന്‌ പ്രവാചകന്‍ വിലക്കിയത്‌ ഊന്നിപ്പറയുകയുമാണ്‌ സലഫികള്‍ ചെയ്യുന്നത്‌. ഇസ്‌ലാമിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഈ നിലപാട്‌ അനിവാര്യവുമാണ്‌. ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യചിന്തകള്‍ക്ക്‌ മതപരിവേഷം ചാര്‍ത്തിയപ്പോഴാണ്‌ ഖബ്‌റാരാധനയും ത്വരീഖത്തുകളും അദൈ്വതസൂഫിസവും മറ്റും ഇസ്‌ലാമിന്റെ സാക്ഷാല്‍ സ്വരൂപങ്ങളെന്നോണം അവതരിപ്പിക്കപ്പെട്ടത്‌. ഗുരുതരമായ വ്യതിയാനങ്ങള്‍ക്കെതിരില്‍ ജാഗ്രതപുലര്‍ത്തുന്നതോടൊപ്പം അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത മതഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സച്ചരിതരായ പൂര്‍വികര്‍ ചെയ്‌തത്‌. ആ പൂര്‍വികരുടെ മാതൃക പിന്തുടരുന്നവര്‍ ഇക്കാലത്ത്‌ ചെയ്യേണ്ടതും മതചിന്തയുടെ സമുചിതമായ വികാസത്തെ സര്‍വഥാ പിന്തുണയ്‌ക്കുകയാണ്‌. അതോടൊപ്പം ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റത്തെയും.


ഒരു നാട്ടില്‍ ബഹുകക്ഷിരാഷ്‌ട്രീയമില്ലെങ്കില്‍, അവിടുത്തെ നഗരങ്ങളില്‍ ഇടയ്‌ക്കിടെ രാഷ്‌ട്രീയ പ്രകടനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ അവിടെ സ്‌ത്രീകള്‍ അര്‍ധനഗ്‌നരായി ചുറ്റിത്തിരിയുന്നില്ലെങ്കില്‍, അവിടെ സിനിമാ തിയേറ്ററുകളും നിശാക്ലബ്ബുകളുമില്ലെങ്കില്‍, അവിടെ സ്‌ത്രീ സൗന്ദര്യം വില്‍പനച്ചരക്കാക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ലെങ്കില്‍, അവിടുത്തെ മാധ്യമങ്ങളില്‍ പരദൂഷണങ്ങളും അപവാദ പ്രചാരണങ്ങളുമില്ലെങ്കില്‍ ആ നാട്ടില്‍ കാലം മരവിച്ചു കിടക്കുന്നു എന്ന ആരോപണം ആധുനികതയുടെ ഹാവഭാവങ്ങളില്‍ ഭ്രമിച്ചുപോയവരുടെ പഴിവാക്ക്‌ മാത്രമാണ്‌. ഇത്‌ പറയുമ്പോഴും ആധുനികതയുടെ നല്ല അംശങ്ങള്‍ സ്വാംശീകരിക്കാന്‍ നാം വൈമുഖ്യം കാണിക്കരുത്‌. ഈ ദുനിയാവിലെ എല്ലാ നന്മകളും-പഴമയിലും പുതുമയിലുമുള്ള നന്മകള്‍ സത്യവിശ്വാസികള്‍ക്ക്‌ ഉപയോഗപ്പെടുത്താനും അനുഭവിക്കാനും അല്ലാഹു അനുവദിച്ചിട്ടുള്ളതാണ്‌.






0 പ്രതികരണങ്ങള്‍:

Did you want to postcomment? Click→comment

Post a Comment

new old home
 
back to topGet This