June 14, 2013

അക്ഷയ കേന്ദ്രങ്ങൾ വഴിച്ചെണ്ട അല്ല

സർക്കാർ, അർധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും ഒരു ആനുകൂല്യമോ , അവകാശമോ സേവനമോ ഒരു വ്യക്തിക്കോ അയാളുടെ ആശ്രിതർക്കോ  ലഭിക്കണമെങ്കിൽ അതിനുള്ള അർഹ്ഹത  തെളിയിക്കുന്ന സാക്ഷ്യപത്രം അത് നല്കാൻ ചുമതലപ്പെട്ടവരിൽ നിന്നും വാങ്ങി പ്രസ്തുത സ്ഥാപനത്തിൽ നൽകേണ്ടതുണ്ട് .അതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി സാമ്പ്രദായിക രീതികളിൽ ആദ്യം വന്നത് അപേക്ഷകൻ അപേക്ഷ  ഒരു കടലാസിൽ എഴുതി ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസിൽ നല്കുകയും, ബന്ധപ്പെട്ട ഉധ്യോഗസ്ഥൻ   അത് രേഖകൾ  സഹിതം പരിശോധിച്ച് സർട്ടിഫികറ്റ്  നൽകാവുന്നതു ആണെങ്കിൽ ഒരു കടലാസിൽ എഴുതി   ബന്ധപ്പെട്ട ഉധ്യോഗസ്ഥന്റെയും ഓഫീസിന്റെയും സീൽ അതിൽ പതിപ്പിച്ചു നല്കുക എന്നതായിരുന്നു . പിന്നീട് അത് അച്ചടിച്ച ഫോമിൽ ആവശ്യമായ വിവരങ്ങൾ മാത്രം കൂട്ടി ചേർത്ത് നല്കുന്ന രീതിയിലേക്ക് മാറി .ഈ രീതികൾ  അനുവർത്തിച്ചു  പോന്നപ്പോൾ   ഉയര്ന്നു വന്ന ഒരു പ്രധാന പ്രശ്നം ഓഫീസുകളിൽ കുമിഞ്ഞു കൂടുന്ന അപേക്ഷകളും അവയുടെ തെളിവിനായുള്ള രേഖകൾ  അടക്കമുള്ള കടലാസുകൾ ആയിരുന്നു . ഓഫീസുകളുടെ ഏറെ സ്ഥല സൗകര്യങ്ങളും  കടലാസുകൾ അപഹരിച്ചിരിക്കുന്ന കാഴ്ച ഇപ്പോഴും നമ്മുടെ സര്ക്കാർ  ഓഫീസുകളിൽ കാണാൻ സാധിക്കും . കൂടാതെ ഓരോ അപേക്ഷകൾ സംബന്ധിച്ചും ഉള്ള അനുബന്ധ തെളിവുകല്ക്കായി വര്ഷങ്ങളായി സൂക്ഷിക്കപ്പെടുന്ന പൊടി  പിടിച്ച ഫയലുകൾ തിരയാൻ സർക്കാർ  ജീവനക്കാർ ഏറെ സമയം നഷ്ടപ്പെടുത്തുന്നതും ഒരു പ്രധാന പ്രശ്നമാണ്‌ .

ആധുനിക സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ച ഇക്കാലത്ത് അതിന്റെ പ്രയോജനം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ഇ ഗവേണൻസ് പദ്ധതിയുടെ ഭാഗമാണ് പ്രാഥമികമായി റവന്യൂ വകുപ്പിൽ കേരളം ഒട്ടാകെ നടപ്പിലാക്കിയ
ഇ ഡിസ്ട്രിക്റ്റ് പദ്ധതി .
23 തരം അപേക്ഷകൾ ഓണ്‍ ലൈൻ ആയി നല്കുകയും അതിൽ ഓണ്‍ ലൈൻ ആയി ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥർ തീരുമാനം എടുക്കുകയും ചെയ്യുന്ന വളരെ സുതാര്യവും, ലളിതവും ,സൗകര്യപ്രദവും ആയ ഒരു പദ്ധതിയായാണ് ഇ ഡിസ്ട്രിക്റ്റ് പദ്ധതിയെ അടുത്തറിഞ്ഞപ്പോൾ അനുഭവപ്പെട്ടത് .

 അക്ഷയ കേന്ദ്രങ്ങൾ  വഴിയാണ് നിലവിൽ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ചു വരുന്നത് . ഭാവിയിൽ  പൊതു ജനങ്ങൾക്ക്‌ നേരിട്ട് തങ്ങളുടെ വീട്ടില് ഇരുന്നു വരെ അപേക്ഷകൾ ഓണ്‍ ലൈൻ ആയി അയക്കുവാനും ആവശ്യമായ രേഖകൾ അതിനോടൊപ്പം നൽകിയാൽ ബന്ധപ്പെട്ട ഉധ്യോഗസ്ഥന്റെ തീരുമാനത്തിനു വിധേയമായി സർട്ടിഫികേറ്റ്  കരസ്ഥമാക്കുവാനും കഴിയുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നാണു അറിയുവാൻ കഴിയുന്നത്‌ .

പരിചിതമല്ലാത്ത ഒരു പദ്ധതി എന്ന നിലയ്ക്ക് ഈ പദ്ധതിയെ കുറിച്ച് പൊതു ജനങ്ങളിൽ അവബോധം വളർത്തുന്നതിൽ ചുമതലപ്പെട്ട  ഉദ്ധ്യോഗസ്ഥർ വളരെ നല്ല രീതിയിൽ പ്രചാരണ, ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു . ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ജില്ലാ കലക്ടർമാർ,  ഉദ്ധ്യോഗസ്ഥർ , കുടുംബശ്രീയുടെ ചെയർപേർസണ്‍മാർ തുടങ്ങി വിവിധ തലങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെടുന്നവർക്ക് ആവശ്യമായ വിവരങ്ങൾ നല്കുന്ന , ഏകോപനം നല്കുന്ന നടപടികൾ  നടക്കുന്നതിന്റെ വാർത്തകൾ പത്രങ്ങൾ വഴിയും മറ്റും നമ്മൾ അറിഞ്ഞതാണ് . ആയത് വഴി ജനങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വേണ്ടത്ര  അവബോധം ഉണ്ടാക്കുന്നതിൽ ജന പ്രതിനിധികളും മറ്റും എത്ര മാത്രം ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ് .

എന്നാൽ ഈ പുതിയ രീതിയോട് പലർക്കും  എതിർപ്പ്  ഉണ്ടായതും നമ്മൾ പത്രങ്ങളിലൂടെ വായിച്ചു .വെറും അഞ്ചു രൂപാ സ്റ്റാമ്പ് ഒട്ടിച്ചു വെള്ള കടലാസിൽ അപേക്ഷ നല്കി ഒറ്റ ദിവസം കൊണ്ട് ലഭിച്ചിരുന്ന സർട്ടിഫികറ്റുകൾ  ഇപ്പോൾ ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു എന്നതാണ് പ്രധാന ആക്ഷേപങ്ങളിൽ ഒന്ന്.കാലികമായ മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾപരിഗണിച്ചു തന്നെയാണ് ഈ പദ്ധതി നടപ്പിൽ  വരുത്തിയിരിക്കുന്നതും. അപേക്ഷകരുടെയും ആവശ്യങ്ങളുടെയും എണ്ണം അനിയന്ത്രിതമായി  വർധിച്ചതും സര്ക്കാര് ഓഫീസുകളിൽ കടലാസ് കുമിഞ്ഞു കൂടുന്നതും അവർ കാണുന്നില്ല .സർക്കാർ ഓഫീസുകൾ കമ്പൂട്ടർവൽക്കരിക്കപ്പെടുന്നതു വഴിയുണ്ടാവുന്ന പ്രയോജനങ്ങളെ കുറിച്ച് അവർക്ക്  അറിയില്ല എന്ന് കരുതേണ്ടി വരും .അപേക്ഷകനിൽ നിന്നും ഫീസ്‌ ആയി വാങ്ങുന്ന 20 രൂപയിൽ 10 രൂപ അക്ഷയ സംരംഭകൻ സര്ക്കാരിലേക്കാണ് അടയ്ക്കുന്നത് .
ഒരു പേജ് സ്കാന്‍ ചെയ്യാന്‍ അഞ്ചു രൂപയും പ്രിന്‍റ് എടുക്കാന്‍ അഞ്ചു രൂപയുമാണ് പല സ്വകാര്യ കംപ്യൂട്ടര്‍ സെന്‍ററുകളും ഈടാക്കുന്നത്.

എന്നാല്‍, അക്ഷയ കേന്ദ്രങ്ങളില്‍ ഇ ഡിസ്ട്രിക്റ്റ് പദ്ധതിക്ക് ഈ രണ്ടു സേവനങ്ങള്‍ക്കും രണ്ടു രൂപ വീതം മാത്രമാണ് ഈടാക്കുന്നത്.

അപേക്ഷയോടൊപ്പം നല്കുന്ന മൊബൈൽ നമ്പർ  വഴി തങ്ങളുടെ അപേക്ഷയുടെ തല്സ്ഥിതി  അറിയാൻ കഴിയും . കൂടാതെ ഇ ഡിസ്ട്രിക്റ്റ് വെബ്‌ സൈറ്റ് വഴി അപേക്ഷകന് നേരിട്ടും സര്ട്ടിഫികെറ്റ് അപേക്ഷ നമ്പർ  നൽകി  ഡൌണ്‍ ലോഡ് ചെയ്യാൻ കഴിയും .
സേവനാവകാശ നിയമം നമ്മുടെ നാട്ടിൽ  ഇ ഡിസ്ട്രിക്റ്റ് സേവനങ്ങൾക്കും  ബാധകമാണ് .ആവശ്യമായ രേഖകൾ  സഹിതം ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഓണ്‍ ലൈൻ വഴി അപേക്ഷകൾ അയക്കുകയും  അവയുടെ ഹാർഡ്  കോപി അതാതു ദിവസം ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്  അക്ഷയ കേന്ദ്രങ്ങളുടെ ചുമതലയിൽ പെട്ടത് .

എന്നാൽ വേണ്ടത്ര ഈ പദ്ധതിയെ കുറിച്ച് അവബോധം ഇല്ലാതെ പൊതു ജനങ്ങളിൽ ചിലർ  തങ്ങള്ക്ക്  സമയത്ത് സർട്ടിഫികറ്റ്  ലഭിക്കാത്തതിന് അക്ഷയ കേന്ദ്രങ്ങളെ പഴിക്കുന്നത് അറിവില്ലായ്മ എന്നേ പറയാൻ കഴിയൂ .എന്ത് കൊണ്ടാണ് തങ്ങൾക്കു ആവശ്യമായ സർട്ടിഫികറ്റ് ലഭിക്കാത്തത് എന്നത് കൃത്യമായി  അന്വേഷിച്ചു അറിയാൻ അവർ ശ്രമിച്ചാൽ ഈ വിഷയത്തിൽ അക്ഷയ കേന്ദ്രങ്ങളെ പഴി ചാരാൻ കഴിയില്ല   .

മുൻപ് അവർ കരസ്ഥമാക്കിയ  ജനന സർട്ടിഫികറ്റ് , സ്കൂൾ സർട്ടിഫികറ്റ് റേഷൻകാർഡ് , വോട്ടർകാർഡ് , ആധാർ കാർഡ്‌ ,വിവിധ ക്ഷേമ നിധി കാർഡുകൾ തുടങ്ങിയ തിരിച്ചറിയൽ രേഖകളിൽ ശരിയായ രീതിയിൽ പേരോ വിലാസമോ ജാതിയോ  മറ്റോ രേഖപ്പെടുത്തുവാൻ അറിവില്ലായ്മ്മ മൂലമോ , ശ്രദ്ധക്കുറവു  മൂലമോ കഴിയാതെ വന്നതാണ് പ്രധാനമായ ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് .അത്തരം കാരണങ്ങൾ  ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിച്ചു ബന്ധപ്പെട്ട ഉധ്യോഗസ്ഥൻ  അപേക്ഷ മടക്കി അയയ്ക്കാറുണ്ട് . അതിന്റെ കൂടെ വീണ്ടും രേഖകൾ  സ്കാൻ ചെയ്തു നല്കി ആ അപേക്ഷ വീണ്ടും അയയ്ക്കാൻ  സാധിക്കും . സർക്കാർ  ചുമതലപ്പെടുത്തിയ ഒരു ഉധ്യോഗസ്ഥാൻ അത്തരം കാര്യങ്ങളിൽ ജാഗ്രത കാണിക്കുന്നത് തെറ്റാണെന്ന് പറയാൻ ഒരിയ്ക്കലും നമുക്ക് കഴിയില്ല .

ഈ ഡിസ്ട്രിക്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളിൽ അക്ഷയ കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾ പത്രങ്ങളിലൂടെയും മറ്റും വായിക്കുമ്പോൾ വളരെ പ്രയാസം തോന്നുന്നുണ്ട് .ഇ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ ബന്ധപ്പെട്ട അപേക്ഷകൾ രേഖകൾ  സഹിതം ഓണ്‍ ലൈൻ ആയി അയച്ചു അപേക്ഷകന് രെജിസ്ട്രേഷൻ , അപേക്ഷാ നമ്പറുകൾ നല്കുകയും സർട്ടിഫികറ്റ്  അപ്പ്രൂവ് ആകുമ്പോൾ അവയുടെ പ്രിന്റ്‌ എടുത്തു നല്കുകയുമാണ് ഓരോ അപേക്ഷകനും അക്ഷയ കേന്ദ്രങ്ങൾ  നല്കേണ്ട സേവനം . അപേക്ഷകൾ തിരികെ വന്നാൽ അനുബന്ധമായി നല്കേണ്ട രേഖകൾ  അറ്റാച് ചെയ്തു വീണ്ടും അപേക്ഷകൾ അയക്കേണ്ടതുമുണ്ട്. ഇക്കാര്യം ഓരോ അപേക്ഷകനും പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട് .

കറന്റ് പോകൽ , നെറ്റ് പ്രശ്നം , സെർവർ പ്രശ്നങ്ങൾ  ഒക്കെ അക്ഷയ സംരംഭകർക്ക് പരിഹരിക്കാൻ സാധിക്കാത്ത നമ്മുടെ നാട്ടിലെ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് .


  സാമ്പത്തികമായി യാതൊരു ലാഭവും ഉണ്ടാകാൻ സാധ്യത പ്രതീക്ഷിക്കാൻ കഴിയാത്ത, സാങ്കേതിക വിദ്യ വളരും തോറും (3G സാങ്കേതിക വിദ്യകൾ മൊബൈൽ വഴി വളരെ എളുപ്പത്തിൽ പ്രയോജനപ്പെടുത്തുന്ന കാലമാണല്ലോ ഇത്) സേവന സാധ്യതകൾ കുറഞ്ഞു വരുന്ന ഒരു മേഖലയിലേക്ക് സ്വന്തം കയ്യിൽ നിന്നും, ബാങ്ക് ലോണ്‍ എടുത്തും മറ്റും പണം മുടക്കി സ്വയം തൊഴിൽ  ലക്ഷ്യമിട്ട് കടബാധ്യതയിൽ അകപ്പെട്ടവരാണ്‌ കേരളത്തിലെ അക്ഷയ സംരംഭകരിൽ സിംഹഭാഗവും എന്ന് ആധികാരികമായി  പറയാൻ കഴിയും .


ഏതു  മേഖലയിലും കള്ള നാണയങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ അത് സത്യസന്ധമായി അതാതു മേഖലകളിൽ പ്രവര്ത്തിക്കുന്നവരെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതു കൊണ്ട് തന്നെ അവരെ വെളിച്ചത്തു കൊണ്ട് വരേണ്ടതുണ്ട് . അക്ഷയ കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സർക്കാർ വക പോസ്റ്ററുകൾ പോലും വായിച്ചു നോക്കാൻ അധിക പേരും ശ്രമിക്കാറില്ല .


അക്ഷയ കേന്ദ്രം സർക്കാർ ശമ്പളം ലഭിക്കുന്ന , ജനങ്ങൾക്ക്‌ സൗജന്യമായി എല്ലാ സേവനങ്ങളും നല്കുന്ന സ്ഥാപനമാണ്‌ എന്ന് ധരിക്കുന്നവരും ഒട്ടും കുറവല്ല . പത്രങ്ങളിൽ വരുന്ന പല വാർത്തകളും അക്ഷയ കേന്ദ്രങ്ങളിൽ എന്തെല്ലാം സേവനങ്ങളാണ് , എത്രയൊക്കെയാണ്‌ അവയുടെ ഫീസ്‌ എന്നെല്ലാം പൊതു ജനങ്ങൾക്ക്‌ അറിയാൻ സാധിക്കാത്ത വിധം കെട്ടു  പിണഞ്ഞവയാണ് .അവയിൽ  പലതും തല്പര  കക്ഷികൾ പടച്ചു വിടുന്ന വ്യാജ ആരോപണങ്ങളാണ് എന്ന് അന്വേഷണത്തിൽ  തെളിഞ്ഞവയുമാണ് .

മെച്ചപ്പെട്ട  സേവനം ലഭിച്ച 90 ശതമാനത്തിന്റെ വാർത്തകൾ ഒരു പത്രത്തിലും വന്നു കാണാറില്ല . ഏതെങ്കിലും കാരണത്താൽ സേവനം ലഭിക്കാതെ വന്ന 10 ശതമാനത്തിന്റെ വാർത്തകൾ 'പ്രതികരണം' എന്ന  നിലക്ക് വരും എന്നത് നമുക്കെല്ലാം അറിവുള്ള കാര്യമാണ് .മാത്രവുമല്ല ഇ ഡിസ്ട്രിക്റ്റ് പദ്ധതി പൊതു ജനത്തിന്റെ അറിവില്ലായ്മ്മ മുതലെടുത്ത്‌ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്ന ചിലരുടെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്  എന്നതും എടുത്തു  പറയേണ്ട കാര്യമാണ് .

അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും ഫീസ്‌ നല്കേണ്ട സേവനങ്ങളെ  കുറിച്ചും തീർച്ചയായും  ജനങ്ങള് അറിഞ്ഞിരിക്കേണ്ടതുണ്ട് അക്കാര്യത്തിൽ മാധ്യമങ്ങൾ വഴിയുള്ള അറിയിപ്പുകൾ വളരെ പ്രധാനമാണ് . അക്ഷയ കേന്ദ്രങ്ങളെ കുറിച്ച് നല്കുന്ന വാർത്തകളിൽ ഇക്കാര്യങ്ങളും അവർ പരിഗണിക്കും എന്ന് കരുതുന്നു .


അക്ഷയ സംരംഭകർ സംഘടിതരാണ് എങ്കിലും ഒരു സമര മുഖത്തേക്ക് വരേണ്ട സ്ഥിതി അടുത്ത കാലത്തുണ്ടായതായി അറിയില്ല . എന്നാൽ ഏതാനും ദിവസങ്ങൾക്കു  മുൻപ് ശക്തമായി അവർ സമര രംഗത്ത് വന്നിരുന്നു .വാണിജ്യ വ്യവസായ സ്ഥാപനങ്ങളോട് പുലര്ത്തുന്നത് പോലൊരു സമീപനത്തിലേക്ക് സർക്കാർ തലത്തിലെ ചില തീരുമാനങ്ങൾ സേവന മേഖലയായ അക്ഷയ സംരംഭങ്ങളുടെ കാര്യത്തിൽ ഉണ്ടായി എന്നത് തികച്ചും പ്രതിഷേധാർഹ്ഹമാണ് . കടുത്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സര്ക്കാര് അവ പുനപരിശോധിക്കാൻ തയ്യാറായി എന്നാണു വാർത്തകൾ വഴി അറിയുന്നത് .മാനുഷികമായ പരിഗണനകൾക്ക് അക്ഷയ സംരംഭകരും അർഹ്ഹരാണ് .
അവരും ഈ രാജ്യത്തെ സാമൂഹിക പ്രതിബദ്ധതയുള്ള പൌരന്മാർ തന്നെയാണ് ..

ഗ്രാമപ്രദേശങ്ങൾ ഏറെയുള്ള കേരളത്തിൽ വിവിധ  ആവശ്യങ്ങൾക്ക്  വേണ്ടി പാവപ്പെട്ടവരും പിന്നോക്കക്കാരുമായ ആളുകൾ ഏറ്റവും അധികം സമീപിക്കുന്ന , അവര്ക്ക് ആധുനിക സാങ്കേതിക വിദ്യകൾ വഴി മെച്ചപ്പെട്ട സേവനങ്ങൾ  ഉറപ്പു വരുത്തുന്ന അക്ഷയ കേന്ദ്രങ്ങളെയും അക്ഷയ സംരംഭകരെയും പിന്തുണയ്ക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌ . അത് കൊണ്ട് തന്നെ വളരെ ലാഘവത്തോടെയും നിരുത്തരവാദപരമായും അക്ഷയ കേന്ദ്രങ്ങൾക്കെതിരെയും അക്ഷയ വഴി നല്കുന്ന സേവനങ്ങൾക്കെതിരെയും പരസ്യമായി കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും തല്പര കക്ഷികൾ തങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല എന്ന് സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ സ്ഥാപനങ്ങൾ ഉറപ്പു വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .അക്ഷയയുമായി ബന്ധപ്പെട്ടു കത്തുകൾ എന്ന പംക്തിയിൽ  വന്ന ഒരു പരാതിക്ക് നല്കിയ മറുപടി താഴെ വായിക്കാം 
ഇ ഡിസ്ട്രിക്റ്റ് അനുബന്ധ ബ്ലോഗുകൾ 


              ('google' for more blogs related)

ഇ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ അപേക്ഷക്കും ഒപ്പംഅക്ഷയ കേന്ദ്രത്തിൽ ഹാജരാക്കേണ്ട  രേഖകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു8 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. ഈ ഡിസ്ട്രിക്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളിൽ അക്ഷയ കേന്ദ്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾ പത്രങ്ങളിലൂടെയും മറ്റും വായിക്കുമ്പോൾ വളരെ പ്രയാസം തോന്നുന്നുണ്ട് .ഇ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ ബന്ധപ്പെട്ട അപേക്ഷകൾ രേഖകൾ സഹിതം ഓണ്‍ ലൈൻ ആയി അയച്ചു അപേക്ഷകന് രെജിസ്ട്രേഷൻ , അപേക്ഷാ നമ്പറുകൾ നല്കുകയും സർട്ടിഫികറ്റ് അപ്പ്രൂവ് ആകുമ്പോൾ അവയുടെ പ്രിന്റ്‌ എടുത്തു നല്കുകയുമാണ് ഓരോ അപേക്ഷകനും അക്ഷയ കേന്ദ്രങ്ങൾ നല്കേണ്ട സേവനം . അപേക്ഷകൾ തിരികെ വന്നാൽ അനുബന്ധമായി നല്കേണ്ട രേഖകൾ അറ്റാച് ചെയ്തു വീണ്ടും അപേക്ഷകൾ അയക്കേണ്ടതുമുണ്ട്. ഇക്കാര്യം ഓരോ അപേക്ഷകനും പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട് .

  ReplyDelete
 2. താങ്കളുടെ പ്രതികരണങ്ങൾ പ്രശംസനീയമാണ് ...AEC (All Kerala Akshaya Entrepreneurs Confederation) യുടെ എല്ലാ പിന്തുണയും അറിയിക്കുന്നു ...


  ശശി പി കെ - AEC - State Vice President - 8891318894

  ReplyDelete
  Replies
  1. നന്ദി ..തീർച്ചയായും..

   താങ്കളെ പോലുള്ളവരുടെ പിന്തുണയും സഹായവും അക്ഷയ സംരംഭങ്ങൾക്ക്‌ തുണയാവട്ടെ

   Delete
 3. ഈ റിപ്പോർട്ട് തയ്യാറാക്കിയതിനു ഒരുപാട് അഭിനന്ദനങ്ങൾ..... ജനങ്ങൾക്ക് അക്ഷയ സംവിധാനം എന്താണെന്ന് ഒരു പിടിയുമില്ല.. ഒരു അക്ഷയ സംരഭക.................

  ReplyDelete
  Replies
  1. അക്ഷയ കേന്ദ്രങ്ങളെ എന്തിനും ഏതിനും കുറ്റം പറയുന്ന പത്ര വാർത്തകൾ വസ്തുതകൾ അറിഞ്ഞു കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യട്ടെ എന്ന ഒരു ആഗ്രഹം കൊണ്ട് എഴുതി പോയതാണ് . നന്ദി വായനയ്ക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും

   Delete

new old home
 
back to topGet This