July 3, 2011

ആര്‍ത്തിയുടെ മണിച്ചങ്ങലകള്‍



കെ പി ഖാലിദ്‌

ഇഷ്‌ടമുള്ള ആഡംബരക്കാര്‍! താമസിക്കാന്‍ നീന്തല്‍ക്കുളം ഉള്‍പ്പെടുന്ന മനോഹരമായ രമ്യഹര്‍മം. ചുറ്റും പരിചാരകര്‍. ആവശ്യത്തിലേറെയുള്ള പണം! ഭൂമിയിലെ സ്വര്‍ഗത്തെക്കുറിച്ച വാഗ്‌ദാനം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ ഗ്രാമങ്ങളില്‍ പോലും നടത്തുന്ന മോട്ടിവേഷന്‍ ക്ലാസ്സുകളിലിരുന്ന്‌ ഇങ്ങനെ കേള്‍ക്കണം. മനുഷ്യ ഹൃദയങ്ങളിലൂറിക്കിടക്കുന്ന തൃഷ്‌ണയുടെ നെരിപ്പോടുകളെ എങ്ങനെ ഊതിക്കത്തിക്കാമെന്ന്‌ കോട്ടും ടൈയും ധരിച്ച `മംഗ്ലീഷ്‌' സംസാരിക്കുന്ന മള്‍ട്ടിലെവല്‍ ക്ലാസ്‌ അധ്യാപകരില്‍ നിന്ന്‌ പഠിക്കണം. `മണിചെയിന്‍' എന്ന്‌ പ്രാകൃതമായി നാം വിളിച്ചിരുന്ന പണപ്പങ്കുകച്ചവടത്തെ ഉത്‌പന്നങ്ങളുമായി വിളക്കിച്ചേര്‍ത്ത്‌ അമേരിക്കന്‍ മാര്‍ക്കറ്റിംഗ്‌ കമ്പനി ആംവേ തുടങ്ങിവെച്ച `പിരമിഡ്‌'

വില വ്യവസായത്തിന്റെ രൂപപരിണാമങ്ങളാണ്‌ കഴിഞ്ഞ കുറേദിവസങ്ങളായി മലയാളക്കരയില്‍ നനഞ്ഞു തകര്‍ന്നുവീണ്‌ ചീട്ടുകൊട്ടാരം പോലെ അടിയുന്നത്‌.

ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ ഗ്രാമങ്ങളില്‍ പോലും കല്യാണമണ്ഡപങ്ങള്‍ ബുക്കുചെയ്‌തു കൊണ്ട്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ നടത്തുന്ന സ്വഭാവരൂപീകരണ ക്ലാസുകളില്‍ പങ്കെടുക്കുന്ന സാധാരണക്കാരുടെ എണ്ണം ചെറുതല്ല. വലയില്‍ ചേര്‍ന്ന്‌ രണ്ടുവര്‍ഷങ്ങള്‍ക്കകം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചാണ്‌ ഈ ക്ലാസുകള്‍ സദസ്സിനോട്‌ വിവരിക്കുന്നത്‌. കൂട്ടത്തില്‍ ചില മോട്ടിവേഷന്‍ ചെപ്പടി വിദ്യകള്‍: എങ്ങനെ ചിരിക്കണം? എന്താണ്‌ ശരീരഭാഷ? മെഴ്‌സിഡിസ്‌ ബെന്‍സ്‌ എന്ന ആഡംബര കാറിന്റെ ഏത്‌ സീരീസില്‍ പെടുന്ന ഇനമാണ്‌ വാങ്ങാന്‍ താല്‌പര്യം -കേള്‍വിക്കാരായ ചായക്കടക്കാരനും കൂലിപ്പണിക്കാരനും ഇവര്‍ അമ്പരക്കാന്‍ മറ്റെന്തു വേണം!

തുടര്‍ന്ന്‌ `പ്ലാന്‍' വിവരിക്കുന്നു; അയ്യായിരം രൂപ, ഒരു `ചെറിയ തുക;' അത്‌ നിങ്ങള്‍ ചെലവഴിക്കുമ്പോള്‍ നൂറ്റമ്പതു രൂപ വിലയുള്ള ഫേസ്‌ക്രീം ആയിരം രൂപയുടെ കൊളസ്‌ട്രോള്‍ കൊല്ലിയായ ഗുളികക്കുപ്പി, ഇരുനൂറ്‌ രൂപയുടെ പേസ്റ്റ്‌ എന്നിവ കിറ്റില്‍ ലഭിക്കുന്നു. കമ്പനി മാറുന്നതിനനുസരിച്ച്‌ ഉത്‌പന്നവും മാറുന്നു. അരി മസാലകള്‍ മുതല്‍ നൂറുകണക്കിന്‌ സൂപ്പര്‍മാര്‍ക്കറ്റ്‌ ഉള്‍ക്കൊള്ളുന്ന ചെയിനിലെ ഷെയര്‍ വരെ! അങ്ങനെ നീളുന്നു ഉത്‌പന്നങ്ങളുടെ ചേരുവകള്‍. നിങ്ങള്‍ ഡിസ്‌ട്രിബ്യൂട്ടറായി. തുടര്‍ന്ന്‌ നിങ്ങള്‍ക്ക്‌ കീഴെ അയ്യായിരത്തിന്‌ നാലു പേരെ നിങ്ങള്‍ ഡിസ്‌ട്രിബ്യൂട്ടറാക്കണം. അവര്‍ കമ്പനിക്കു നല്‍കുന്ന തുകയില്‍ നിന്ന്‌ രൂപ ആയിരത്തിന്‌ ഇരുനൂറ്റമ്പത്‌ വീതം നിങ്ങള്‍ക്ക്‌ കമ്പനി തരുന്നു. നിങ്ങളുടെ പണം വസൂല്‍! ഈ നാലുപേര്‍ക്കു കീഴെ നാല്‍പത്‌ പേര്‍; ഇവരില്‍ ഓരോരുത്തരില്‍ നിന്നും അഞ്ഞൂറു രൂപ വീതം നിങ്ങളുടെ അക്കൗണ്ടില്‍ വന്നു വീണ്‌ പിടയുന്നു. നിങ്ങള്‍ മാറിത്തുടങ്ങുന്നു. നാല്‍പതു പേര്‍ക്ക്‌ കീഴില്‍ നാനൂറു പേര്‍! നിങ്ങള്‍ കൈലിയും തോള്‍മുണ്ടും ഉപേക്ഷിക്കുന്നു. ആളുകള്‍ നിങ്ങളെ ഡയമണ്ട്‌ എന്ന്‌ വിളിക്കുന്നു. നിങ്ങളുടെ കോട്ടും ടൈയും ധരിച്ച ഫോട്ടോ വെബ്‌സൈറ്റില്‍! നാല്‌പതിനായിരം പേരില്‍ നിന്ന്‌ കമ്പനിക്ക്‌ ലഭിക്കുന്ന കൊള്ളലാഭത്തിന്റെ കണക്ക്‌ പുറത്തുവരുന്നുമില്ല. ഞെട്ടറ്റ്‌ ഇടക്ക്‌ കൊഴിയുന്ന വലയുടെ കണ്ണിക്ക്‌ ഉണ്ടാവുന്ന ധനനഷ്‌ടം ആരുമറിയാതെ മാഞ്ഞുപോകുന്നു. ചേരുവകളും രീതികളും ശൈലികളും മാറുമെങ്കിലും മിക്കവാറും എല്ലാ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികളുടെയും സ്‌കീമുകള്‍ സമാനങ്ങളാണ്‌. വാഗ്‌ദാനങ്ങള്‍ മോട്ടിവേഷന്‍ ക്ലാസുകളിലെ ബംഗ്ലാവുകള്‍, കാറുകള്‍, പറുദീസകള്‍!

ഇങ്ങനെ സ്വപ്‌ന വ്യാപാരത്തിലൂടെ നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ ഇരകളെ ഗ്രാമങ്ങളില്‍ നിന്നു പോലും കുരുക്കുന്നു. അധ്വാന ശേഷം അല്‌പസമയം ബാക്കിയുള്ള സാധാരണക്കാരിലെ ഒരു നല്ല മനുഷ്യനെങ്കിലും ഈ ക്ലാസ്‌ കഴിയുമ്പോള്‍ ഒരു സ്വപ്‌നാടകനായി മാറിയിട്ടുണ്ടാവും. നാട്ടില്‍ അത്യാവശ്യം പൊതുബന്ധങ്ങളും വിശ്വാസ്യതയുമുള്ള ഈ പുതിയ `ഡിസ്‌ട്രിബ്യൂട്ടര്‍' സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ മദ്‌റസാ അധ്യാപനോ വക്കീല്‍ ഗുമസ്‌തനോ സംഘടനാ പ്രവര്‍ത്തകനോ ആരുമാകാം! തൊട്ടടുത്ത നിമിഷം മുതല്‍ ഇക്കൂട്ടര്‍ ഡയമണ്ട്‌, പ്ലാറ്റിനം തുടങ്ങിയ പ്രയോഗങ്ങള്‍ ചേര്‍ത്തുകൊണ്ട്‌ സുഹൃത്തുക്കളോടും നാട്ടുകാരോടും ഗണിതശാസ്‌ത്രം സംസാരിച്ചു തുടങ്ങുന്നു. ഒരു മെമ്പറാവുന്നതിലൂടെ നമുക്കുണ്ടാവുന്ന ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ മോഹവഴികളുടെ വാതായനങ്ങളാണ്‌ ഇവര്‍ തുറന്നിട്ടു തുടങ്ങുന്നത്‌. നമുക്ക്‌ കീഴെ നാലു പേര്‍, അവര്‍ക്ക്‌ കീഴെ നാല്‍പതു പേര്‍, അവരിലും കീഴെ നാനൂറുപേര്‍, അവരുടെ മെമ്പര്‍ഷിപ്പുകളില്‍ നിന്നുള്ള ഓഹരികള്‍! കമ്പനി ഔട്ട്‌ലെറ്റിലൂടെ കിഴിവിനം ലഭിക്കുന്ന മസാലക്കൂട്ടുകള്‍കൊണ്ട്‌ നിറയുന്ന നമ്മുടെ അടുക്കളകള്‍! സില്‍ക്ക്‌ കൊട്ടാരത്തില്‍ നിന്ന്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ ഭാര്യക്ക്‌ സമ്മാനമായി വാങ്ങി നല്‍കുന്ന സാരി കാണുമ്പോഴുണ്ടാകുന്ന അവളുടെ പ്രസന്ന മുഖം! സേവിങ്‌ ബാങ്ക്‌ അക്കൗണ്ടില്‍ കൊതുകുകളെപ്പോലെ പെറ്റുപെരുകുന്ന സമ്പാദ്യം. ഉട്ടോപ്യന്‍ സ്വപ്‌നങ്ങള്‍ നീളുന്നതനുസരിച്ച്‌ ഇരകളും കൂടുന്നു.

ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ നല്‍കുന്ന കിറ്റിലാണ്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ കെണിയൊരുക്കുന്നത്‌. കേവലം ആയിരത്തില്‍ താഴെ വില വരുന്ന ഉത്‌പന്നങ്ങളാണ്‌ അയ്യായിരത്തോളം രൂപക്ക്‌ നല്‍കുന്നത്‌. ഇത്‌ വഴി ലഭിക്കുന്ന നാലിരട്ടി തുകയില്‍ മൂന്നിരട്ടി തുകയും സ്വന്തം അക്കൗണ്ടിലും ബാക്കി വിതരണത്തിനും ഉപയോഗിക്കുന്നു. സുഹൃത്തുക്കളുടെ പ്രേരണക്ക്‌ വിധേയമായി `ശല്യമൊടുങ്ങാന്‍' ഡിസ്‌ട്രിബ്യൂട്ടറായവന്റെ മുഴുവന്‍ അധ്വനഫലവും കമ്പനി കവരുന്നു. കമ്പനി വിഹിതം കഴിഞ്ഞ ബാക്കി തുക താഴോട്ടുള്ള മെമ്പര്‍മാര്‍ക്കിടയിലേക്ക്‌ രോഗാണുക്കളെപ്പോലെ പടര്‍ന്നുകയറുന്നു. ഇരകള്‍ ആര്‍ത്തി മൂത്തവരാണെങ്കില്‍ ആഭരണങ്ങള്‍ പണയം വെച്ചിട്ടാണെങ്കിലും മെമ്പര്‍മാരാവുന്നു- ഇവരുടെ രക്തം ഊറ്റിക്കുടിക്കാന്‍ തേറ്റ തുറന്നു പിടിച്ച്‌ കമ്പനികളും. വയനാടന്‍ അട്ടകളുടെ ജൈവവ്യവസ്ഥ മാതൃകയാക്കിയാണ്‌ മള്‍ട്ടിവെലല്‍ മാര്‍ക്കറ്റിംഗിന്റെ ഉപജ്ഞാതാക്കള്‍ തങ്ങളുടെ വിപണന തന്ത്രങ്ങളുടെ ആശയങ്ങള്‍ വിസകിപ്പിച്ചെടുത്തിരിക്കുന്നത്‌ എന്ന്‌ സംശയിച്ചാല്‍ തെറ്റു പറയേണ്ടതില്ല!

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ തുടക്കം

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ തലതൊട്ടപ്പനായി അറിയപ്പെടുന്നത്‌ ആംവേ (American way) ബിസിനസ്‌ കോര്‍പറേഷനാണ്‌. 1959ല്‍ അമേരിക്കയില്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി നിരവധി ഉല്‍പന്നങ്ങളിലൂടെയാണ്‌ വലകള്‍ വിരിച്ച്‌ ഭൂഗോളത്തിനു ചുറ്റും കാവലിരിക്കുന്നത്‌. 80 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഒമ്പതിനായിരം കോടി ഡോളര്‍ ആസ്‌തിയുള്ള ഈ കമ്പനി ചൈനയില്‍ ഒരിക്കല്‍ നിരോധിക്കപ്പെട്ടുവെങ്കിലും പണവിതരണത്തിന്റെ കടുത്ത നിയന്ത്രണത്തിനു വിധേയമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. നൂറുരൂപക്ക്‌ മുകളിലുള്ള ക്രീമുകളും നൂറ്റമ്പതു രൂപയുടെ ടൂത്ത്‌ പെയ്‌സ്റ്റുമായി ഗ്രാമങ്ങളില്‍ പോലും ഇന്ന്‌ ആംവേയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്‌. അമേരിക്കന്‍ ഭീമനായതിനാല്‍ അത്രവേഗത്തില്‍ `ആംവേ' നെറ്റുവര്‍ക്കുകള്‍ തകരുകയുമില്ല. വന്‍ വില ഈടാക്കി കമ്പനി വിപണനം ചെയ്യുന്ന ഉത്‌പന്നങ്ങള്‍ `ഗുണമേന്മ'യില്‍ മികച്ചു നില്‍ക്കുന്നതിനാല്‍ വലക്കു പുറത്തുള്ള ഉപഭോക്താക്കള്‍ക്കും ഈ ഉത്‌പന്നങ്ങളോട്‌ കമ്പമാണ്‌.

ആംവേയുടെ വിപണന ശൈലി കടമെടുത്തു കൊണ്ടാണ്‌ മിക്ക മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികളും മുളച്ചുപൊന്തിയത്‌. പണമുണ്ടാക്കാന്‍ എന്തു കോപ്രായത്തിനും ക്വട്ടേഷന്‍ തയ്യാറാക്കി കാത്തിരിക്കുന്ന അത്യാഗ്രഹികളുടെ ഒരു വന്‍നിര തന്നെ സ്വന്തമായുള്ള സംസ്ഥാനമെന്ന നിലയില്‍ ലോട്ടറി വ്യവസായം പോലെ നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ കമ്പനികളും കേരളത്തില്‍ അതിവേഗം തഴച്ചുവളരുകയായിരുന്നു. ഇവയില്‍ പലതും വേഗത്തില്‍ തകരുകയും ചെയ്‌തു. ഓരോ തകര്‍ച്ചയും നിരവധിയാളുകളുടെ ജീവിത സമ്പാദ്യങ്ങളെയാണ്‌ കവര്‍ന്നത്‌. കണ്ണൂര്‍ ആസ്ഥാനമായുള്ള ഗുഡ്‌വേയ്‌സ്‌, ഉത്തരേന്ത്യയിലെ ക്വാണ്ടം ഇങ്ങനെ നീളുന്നു ഇവയുടെ നാമങ്ങള്‍. ഇപ്പോള്‍ ഈ നിരയിലേക്ക്‌ ചേക്കെറിയ വമ്പന്മാരിലൂടെ കൊള്ളയടിക്കപ്പെട്ടത്‌ കേരളീയരുടെ ആയിരം കോടി രൂപയാണ്‌ എന്നാണ്‌ പ്രാഥമിക നിഗമനം.

തമിഴ്‌നാട്‌ കമ്പനിയായ ടൈക്കൂണ്‍, തൃശൂരിലെ നാനോ എക്‌സല്‍, ആംഡ്‌ പോലീസ്‌ എസ്‌ ഐ കെ ബി ഗോപിനാഥന്‍ രൂപംകൊടുത്ത ബിസ്സാര്‍ ഗ്രൂപ്പ്‌ എന്നിവയാണ്‌ ഏറ്റവും പുതിയ അപായലിസ്റ്റില്‍ ഉള്‍പ്പെടുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത്‌ മൊത്തം ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍ ആയിരത്തോളം വരുമെന്നാണ്‌ കണക്ക്‌. കോട്ടും ടൈയും ധരിച്ച കമ്പനി സി ഇ ഒമാരില്‍ പലരും റിമാന്റിലായിക്കഴിഞ്ഞു. കേരളത്തിലെ ഒരു പ്രശസ്‌ത അരി നിര്‍മാതാക്കളുടെ ഗ്രൂപ്പ്‌ ഉള്‍പ്പെടെ, ഈ നിരയിലേക്ക്‌ വരാന്‍ തയ്യാറായി നില്‍ക്കുന്ന `വലക്കമ്പനി'കള്‍ നിരവധിയാണ്‌. കേരളത്തിന്റെ ഇപ്രാവശ്യത്തെ `സീസണ്‍' ഏതായാലും മള്‍ട്ടിലെവലില്‍ തകര്‍ത്തു പെയ്യുകയാണ്‌! നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗില്‍ ഉള്‍പ്പെട്ട ചങ്ങലക്കണ്ണികള്‍ക്കൊക്കെ ഷോക്കേല്‍ക്കാന്‍ ഉണ്ടായ കാരണം നമ്മുടെ ഭരണകൂടങ്ങള്‍ക്ക്‌ അറിയാത്തതല്ല. നിലവിലുള്ള നിയമങ്ങളെ ഫലപ്രദമായി പ്രയോഗിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവുന്നില്ല എന്നതാണ്‌ ഈ ദുരിതപര്‍വത്തിന്‌ കാരണം.

ആന്ധ്രാ കോടതിവിധി

2008 സെപ്‌തംബര്‍ 15ന്‌ ആംവേ ബിസിനസ്‌ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത്‌ നിരോധിച്ചുകൊണ്ട്‌ ആന്ധ്രാ ഹൈക്കോടതി നടത്തിയ വിധി പരാമര്‍ശം ശ്രദ്ധേയമാണ്‌. 1978ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയ `പ്രൈസ്‌ചിട്ട്‌ -മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധനനിയമത്തിന്റെ (ആക്‌ട്‌ 43) പരിധിയില്‍ ആംവേയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സംശയം പെടുമെന്ന്‌ കോടതി ഉറപ്പിച്ചു പറയുകയായിരുന്നു. ഉത്‌പന്നങ്ങള്‍ ഉള്‍പ്പെട്ടുകൊണ്ടും പണം സര്‍ക്കുലേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടും നടക്കുന്ന ഏത്‌ ക്രയവിക്രയങ്ങളും ചങ്ങലക്കണ്ണികളിലൂടെയാണെങ്കില്‍ അത്‌ നിയമവിരുദ്ധമാണ്‌ എന്ന്‌ ആക്‌ട്‌ നിഷ്‌കര്‍ഷിക്കുന്നു. ഉത്‌പന്ന വിതരണം എന്ന മറയില്‍ മണി സര്‍ക്കുലേഷന്‍ നടക്കാവതല്ല എന്ന്‌ ആന്ധ്രാ കോടതി വിധിന്യായത്തില്‍ എടുത്തുകാട്ടി. കാശ്‌മീരിലൊഴികെ മറ്റെല്ലായിടത്തും ഈ നിയമം ബാധകവുമാണ്‌.

ഇത്തരം മണിചെയിന്‍ അടിസ്ഥാന വ്യവസ്ഥയിലുള്ള സ്‌കീമുകളില്‍ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യപ്പെടുന്നു എന്നതുകൊണ്ട്‌ കുറ്റത്തിന്റെ പരിധിയില്‍ വരാതിരിക്കുന്നില്ലെന്ന്‌ ആന്ധ്ര കോടതി വിധി പറയുന്നു. 2008ലെ ലിസ്‌ ഇടപാടുകളിലെ കുര്യാച്ചന്‍ ചാക്കോച്ചന്‍ കേസിലെ സുപ്രീം കോടതി വിധിയാകട്ടെ ഇത്‌ ഐ പി സി 42-ന്റെ പരിധിയില്‍ വരുന്ന വഞ്ചനാകുറ്റമാണെന്നു കൂടി പരാമര്‍ശിക്കുന്നു. ആംവേയുടെ പ്രവര്‍ത്തനങ്ങല്‍ പ്രൈസ്‌-ചിട്ട്‌ മണി സര്‍ക്കുലേഷന്‍ ആക്‌ടിന്റെ പരിധിയില്‍ വരുമെന്ന്‌ 2001 മാര്‍ച്ചില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വാണിജ്യ മന്ത്രാലയത്തിനും ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഉടന്‍ തന്നെ ആംവേ കോര്‍പറേഷന്‍ മാനേജ്‌മെന്റ്‌ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രാലയവുമായി ബന്ധപ്പെട്ട്‌ ഒരു നിരോധത്തിലേക്ക്‌ നീങ്ങരുത്‌ എന്ന്‌ അപേക്ഷിച്ചു. യാങ്കി വായക്കു എതിര്‍വായയില്ലല്ലോ. ഇന്ത്യയിലെ ഡയറക്‌ട്‌ സെല്ലിംഗ്‌ അസോസിയേഷന്റെ `നിവേദനം' പരിഗണിച്ചുകൊണ്ട്‌ നിരവധി തൊഴില്‍രഹിതര്‍ക്ക്‌ ആശ്വാസമാകുന്ന ആംവേ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കേണ്ടതില്ലെന്ന്‌ വാണിജ്യ മന്ത്രാലയം തീരുമാനിക്കുകയാണുണ്ടായത്‌.

എന്താണ്‌ നിയമവ്യവസ്ഥയിലെ ശിക്ഷകള്‍?

പ്രൈസ്‌ ചിട്ട്‌-മണി സര്‍ക്കുലഷന്‍ ആക്‌ട്‌ പ്രകാരം പണം സര്‍ക്കുലേറ്റ്‌ ചെയ്യപ്പെടുന്ന ഏത്‌ വിപണനവും അതില്‍ കണ്ണി ചേരുന്നതിലൂടെ കണ്ണിചേര്‍ക്കുന്നവര്‍ക്ക്‌ സാമ്പത്തിക വരുമാനം ഉണ്ടാക്കുന്നുവെങ്കില്‍ അത്‌ നിയമവിരുദ്ധമാണ്‌. ഇതില്‍ കണ്ണികളാവുകയും തുടര്‍ന്ന്‌ കണ്ണികളാവാന്‍ അന്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന `ഡയമണ്ടു'കള്‍ക്കും `പ്ലാറ്റിന'ങ്ങള്‍ക്കും രണ്ടുവര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ്‌ ശിക്ഷ. നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിലൂടെ പണം മാത്രമല്ല, വിലപ്പെട്ട വസ്‌തുക്കള്‍ ലാഭമായി ലഭിക്കുന്നതും നിയമവിരുദ്ധമാണ്‌. ഇത്തരം ചെയിനുകള്‍ വികസന പ്രവര്‍ത്തനത്തിനു വേണ്ടി പോലും രൂപീകരിക്കുന്നത്‌ തെറ്റാണ്‌ എന്ന്‌ 1982ലെ സ്വപന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി ചീഫ്‌ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ വിധി പറഞ്ഞിട്ടുണ്ട്‌.

ഇത്തരം വലകളില്‍ അംഗമാവാന്‍ ക്ഷണിക്കുന്ന ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുന്നതും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും നിയമവിരുദ്ധമാണ്‌. ഇത്തരം കമ്പനികളുടെ ഓഫീസുകള്‍ സബ്‌ഇന്‍സ്‌പെക്‌ടര്‍ക്ക്‌ താഴെയല്ലാത്ത പോലീസുദ്യോഗസ്ഥന്‌ റെയ്‌ഡ്‌ ചെയ്യാവുന്നതും അംഗങ്ങളെ കസ്റ്റഡിയിലെടുക്കാവുന്നതുമാണ്‌. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ പിടിച്ചെടുക്കാവുന്നതിന്‌ കൂടി നിയമത്തില്‍ വ്യവസ്ഥയുണ്ട്‌.

പുതിയ വിപണന കെണികള്‍

നല്ല ഉത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ വരെ നെറ്റ്‌വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനെ ആശ്രയിക്കുന്നത്‌ ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യാന്‍ മാത്രമല്ല, വിതരണക്കണ്ണികള്‍ കിറ്റ്‌ വില്‍പന നടത്തുന്നതിലൂടെ ലഭിക്കുന്ന കൊള്ളലാഭം നോട്ടമിട്ടുകൊണ്ടുതന്നെയാണ്‌. മോട്ടിവേഷന്‍ ക്ലാസുകളില്‍ നിന്നു പകര്‍ന്നുകിട്ടുന്ന `സ്വപ്‌ന'ങ്ങളില്‍ അഭിരമിച്ചുപോവുന്ന അംഗങ്ങളാവട്ടെ മറ്റുള്ളവരെ അംഗങ്ങളാക്കാന്‍ പൊതുബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഉപയോഗിക്കുന്നു എന്നതാണ്‌ സങ്കടകരം. പലപ്പോഴും തന്നോടൊപ്പം തനിക്കു ചുറ്റുമുള്ളവരും സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നു കരകയറണമെന്നും സൗഭാഗ്യങ്ങളില്‍ അവര്‍ കൂടി പങ്കാളികളാകണമെന്നുമുള്ള നിഷ്‌കളങ്ക ചിന്തയിലൂടെയാണ്‌ ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ പരിചിതരെ അംഗങ്ങളാക്കുന്നത്‌. തനിക്ക്‌ ലഭിക്കുന്ന നന്മകള്‍ മറ്റുള്ളവര്‍ക്കു കൂടി പങ്കുവെക്കുക എന്ന സാധാരണക്കാരന്റെ ഉദാത്തമായ ചിന്ത കൂടി ഇവിടെ മള്‍ട്ടിലെവല്‍ കമ്പനികള്‍ ചൂഷണം ചെയ്യുന്നു.

സാമ്പത്തിക ശാസ്‌ത്രതത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന, ക്രയവിക്രയങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന സൂക്ഷ്‌മങ്ങളായ അപകടസാധ്യതകളെക്കുറിച്ച പൊതുധാരണ പലപ്പോഴും ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ക്കുണ്ടാവാറില്ല. മണി സര്‍ക്കുലേഷനിടയിലെ കുറ്റകരങ്ങളായ ചോര്‍ച്ചകളെക്കുറിച്ചറിയാത്തവര്‍ `മോട്ടിവേഷന്റെ' ബലത്തില്‍ വലകളെ ന്യായീകരിക്കാറാണ്‌ പതിവ്‌. ചങ്ങല തുടര്‍ന്നുപോയാല്‍ കീഴെത്തട്ടില്‍ എവിടെയങ്കിലും പണം നഷ്‌ടപ്പെടുന്ന ഒരു കണ്ണി, പൗരനെന്ന നിലയില്‍ എഴുതിനല്‍കുന്ന ചെറിയ പരാതി മതി സ്വന്തം കഴുത്തില്‍ വല വീഴാന്‍ എന്ന്‌ പലപ്പോഴും ഇവരറിയുന്നില്ല. രമ്യഹര്‍മങ്ങള്‍ക്ക്‌ പകരം കാരാഗൃഹങ്ങളും ബെന്‍സുകാറുകള്‍ക്ക്‌ പകരം പോലീസ്‌ ജീപ്പിലെ യാത്രയും തരമാവാന്‍ പിന്നെ അധികകാലം വേണ്ടി വരില്ല!

രണ്ട്‌ വര്‍ഷമൊന്നുമെടുക്കില്ല എന്നറിയുക. പണം സ്വയം വളരുന്ന ഒരു പ്രതിഭാസമല്ല. അത്‌ മൂല്യനിര്‍ണയത്തിനുള്ള ഉപാധിയാണ്‌. അതിലപ്പുറം സര്‍ക്കുലേഷനിലൂടെ വര്‍ധിക്കുന്നത്‌ മൂല്യമല്ല, പലരില്‍ നിന്നും ചോര്‍ത്തപ്പെട്ട ധനമാണ്‌. അല്ലാഹു നിരോധിച്ച വഞ്ചനയില്‍ അത്‌ പെടുമോ എന്നറിയാന്‍ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ കലക്കിക്കുടിക്കേണ്ട കാര്യമൊന്നുമില്ല.


ചിത്രത്തിനു കടപ്പാട് : ഗൂഗിള്‍ 

3 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. നാട്ടില്‍ വരുമ്പം ഇവമ്മാരുടെ കയ്യില്‍ നിന്നും
    ഞങ്ങളെ കാത്തോളണേ പടച്ചോനേ!

    ReplyDelete
  2. @നൗഷാദ് അകമ്പാടം

    നാട്ടില്‍ വരുമ്പോള്‍ ഗള്‍ഫ്‌ കാരനാണെന്ന് പറഞ്ഞു പൊങ്ങച്ചം കാണിക്കുന്നവര്‍ ജാഗ്രതൈ ...

    ReplyDelete
  3. സൂക്ഷിച്ചാല്‍ സ്വദേശിക്കും വിദേശിക്കും നന്ന്....

    ReplyDelete

new old home
 
back to topGet This