November 22, 2010

ജമാഅത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ഒ അബ്‌ദുല്ല


രണ്‌ടാം റൗണ്‌ട്‌ ഇടിക്ക്‌ കാത്തിരിക്കണോ?
ഒ അബ്‌ദുല്ല
ഹൈസ്‌കൂളില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ടറായ അധ്യാപകന്‌ ഡോക്ടറേറ്റ്‌ എടുത്ത്‌ കോളജ്‌ അധ്യാപകനാവാന്‍ മോഹം. കുറുക്കുവഴികളന്വേഷിച്ചു. അവസാനം അധികമാരും പേരു കൊടുക്കാന്‍ ധൈര്യപ്പെടാത്ത ബോക്‌സിങില്‍ പങ്കെടുത്തു നാഷനല്‍ ഗെയിംസിലേക്ക്‌ അര്‍ഹത നേടി. ചണ്ഡീഗഡില്‍ വച്ചായിരുന്നു മല്‍സരം. പ്രതിയോഗി ആറടി ഉയരവും അതിനൊത്ത വണ്ണവുമുള്ള സര്‍ദാര്‍ജി യുവാവ്‌. സര്‍ദാര്‍ജിയുടെ ഒന്നാമത്തെ ഇടിക്കുതന്നെ നമ്മുടെ കക്ഷി നിലംപരിശായി. കണ്ണില്‍നിന്നു പൊന്നീച്ച; വണ്‍, ടു, ത്രീ, ഫോര്‍- റഫറി കൗണ്‌ട്‌ ഡൗണ്‍ എണ്ണുന്നത്‌ അവ്യക്തമായി ഓര്‍ക്കുന്നു. അവസാനം പത്ത്‌ എന്ന്‌ എണ്ണിത്തീര്‍ന്നപ്പോള്‍ തല ഉയര്‍ത്തി. അതാ നില്‍ക്കുന്നു ആ ആജാനുബാഹു സര്‍ദാര്‍ജി റിങില്‍. ഒടുവില്‍ ആരോ വന്നു സ്‌ട്രക്‌ചറില്‍ എടുത്തുവച്ചു. ആശുപത്രിയില്‍നിന്നു പോന്നത്‌ ദേശീയ മല്‍സരത്തില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റുമായി! 

നാട്ടിലെത്തിയ പാടെ കൂട്ടുകാര്‍ ചോദിച്ചു: ``ഒരു ഇടികൊണെ്‌ടന്നു കരുതി എന്തിനു വീണിടത്തു നിന്ന്‌ എഴുന്നേല്‍ക്കാതെ കിടക്കണം. ബോക്‌സിങില്‍ അതൊക്കെ സാധാരണമല്ലേ?'' തുറിച്ചുനോക്കിക്കൊണ്‌ടായിരുന്നു മറുപടി: ``സര്‍ദാര്‍ജിയുടെ അടുത്ത ഇടി കൂടി കൊണ്‌ടിരുന്നുവെങ്കില്‍ എന്റെ വായിലെ പല്ലുകള്‍ വാരിപ്പെറുക്കാന്‍ നിങ്ങളാരെങ്കിലും അവിടെ ഉണ്‌ടാവുമായിരുന്നോ?''


പക്ഷേ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടികൊണ്‌ടു കണ്ണില്‍നിന്നു പൊന്നീച്ച പാറീട്ടും അടുത്ത ഇടി ഏറ്റുവാങ്ങാന്‍ വീണിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ഭാവമെന്നു പാര്‍ട്ടിവക്താക്കളുടെ തിരഞ്ഞെടുപ്പുവിശകലനങ്ങളും വിശദീകരണങ്ങളും വ്യക്തമാക്കുന്നു.

ആകെയുള്ള പത്തൊമ്പതിനായിരത്തില്‍പ്പരം സീറ്റില്‍ രണ്‌ടക്കസീറ്റില്‍പ്പോലും മല്‍സരിച്ചു ജയിക്കാന്‍ പാര്‍ട്ടിക്കായില്ല. വിമര്‍ശകര്‍ ചൂണ്‌ടിക്കാട്ടിയപോലെ, വാല്‍ മുറിച്ചാല്‍ പൂജ്യമായിത്തീരുമാറ്‌ കേവലം ഒമ്പതേ ഒമ്പത്‌ സീറ്റിലേ ജമാഅത്തിനു നിലംതൊടാനായുള്ളൂ. അതായത്‌, മല്‍സരിച്ച 1685 സീറ്റില്‍ 1676 സീറ്റിലും പാര്‍ട്ടി തോറ്റു. ചിലയിടങ്ങളില്‍ പാര്‍ട്ടിക്ക്‌ ഒരു വോട്ട്‌ പോലും കിട്ടിയില്ല. ഒരിടത്തു പ്രഖ്യാപിത മുദ്രാവാക്യമായ `മാറ്റത്തിന്‌ ഒരു വോട്ട്‌' എന്ന വാചകം അറംപറ്റി. അവിടെ സ്ഥാനാര്‍ഥിക്കു കിട്ടിയത്‌ ഒരു വോട്ട്‌! മിക്ക സ്ഥലങ്ങളിലും മൂന്നക്കം തികയ്‌ക്കാനായില്ല. കെട്ടിവച്ച സംഖ്യ നഷ്ടപ്പെട്ടവര്‍ നിരവധി.

എന്നാല്‍, ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള ജനപക്ഷത്തെക്കുറിച്ച വിലയിരുത്തല്‍ അത്യന്തം കൗതുകകരവും അമ്പരപ്പിക്കുന്നതുമാണ്‌. ജമാഅത്ത്‌ ശൂറാ അംഗം പാര്‍ട്ടി മുഖപത്രത്തിലെഴുതിയിരിക്കുന്നത്‌, ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലെ ബെസ്റ്റ്‌ പ്ലെയര്‍ ജനകീയ വികസന മുന്നണിയാണ്‌ എന്നത്രേ. എല്ലാവരും ഒന്നിച്ചെതിര്‍ത്തിട്ടും ഈ മുന്നണി വീറോടെ പൊരുതിയതായി അദ്ദേഹം വിമര്‍ശനഭയമില്ലാതെ അവകാശപ്പെടുന്നു.
പാര്‍ട്ടിയിലെ മറ്റു വിശകലനവിശാരദന്മാരും ഇതേ ആത്മവിശ്വാസം പങ്കിടുന്നു. തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്‌. തങ്ങള്‍ക്കു യാതൊരുവിധ തിരിച്ചടിയും നേരിടേണ്‌ടിവന്നിട്ടില്ലെന്നും പണവും മദ്യവും കുത്തൊഴുക്കിയ തിരഞ്ഞെടുപ്പുമാമാങ്കത്തില്‍ തങ്ങള്‍ക്ക്‌ അന്തസ്സായി `പിടിച്ചുനില്‍ക്കാനും' `മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും' കഴിഞ്ഞതായും അവര്‍ അവകാശപ്പെടുന്നു. `ഒരുവശത്തു മദ്യവും പണവും മറുവശത്ത്‌ മതപുരോഹിതന്മാരെയും തരംപോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്കു കാണിച്ച' തിരഞ്ഞെടുപ്പിലാണ്‌ ജനപക്ഷം മിന്നുന്ന പ്രകടനം കാഴ്‌ചവച്ചത്‌ എന്നാണു പാര്‍ട്ടി യുവ വക്താവ്‌ അവകാശപ്പെടുന്നത്‌.
എന്നാല്‍, തികച്ചും വ്യത്യസ്‌തവും തീര്‍ത്തും നിഷേധരൂപത്തിലുള്ളതുമാണ്‌ പാര്‍ട്ടിവിമര്‍ശകരുടെ വിലയിരുത്തല്‍. അവര്‍ ജമാഅത്തിന്റെ അവകാശവാദങ്ങളെ മാത്രമല്ല, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ജമാഅത്ത്‌ കഴിഞ്ഞ 60 വര്‍ഷമായി പടുത്തുയര്‍ത്തിയ ഇമേജ്‌ അപ്പടി തകര്‍ന്നതായും കഥകളും ഉപമകളും വരച്ചുകാണിച്ചുകൊണ്‌ടു സമര്‍ഥിക്കുന്നു. അത്യന്തം അസഹ്യവും ദയനീയവുമാണ്‌ അവരുടെ പരിഹാസം.


വനത്തിലകപ്പെട്ട മാരാരോടാണ്‌ ജമാഅത്ത്‌ ഉപമിക്കപ്പെട്ടിരിക്കുന്നത്‌. വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ തന്റെ പക്കലുള്ള ചെണ്‌ടയില്‍ ഉറക്കെ ശബ്ദമുണ്‌ടാക്കിക്കൊണ്‌ടിരിക്കുക എന്നതില്‍ക്കവിഞ്ഞു മാരാര്‍ക്ക്‌ ഏറെ മാര്‍ഗങ്ങളുണ്‌ടായിരുന്നില്ല. പൊന്നാനിയില്‍ ബഷീറിനെ ജയിപ്പിച്ചും വയനാട്ടില്‍ റഹ്‌മത്തുല്ലയെ തോല്‍പ്പിച്ചും മഞ്ചേരിയില്‍ ഹംസാക്കയെ ജയിപ്പിച്ചും തോല്‍പ്പിച്ചും ജമാഅത്ത്‌ തങ്ങളാണു കേരളത്തിന്റെ രാഷ്ട്രീയസമവാക്യങ്ങള്‍ നിശ്ചയിക്കുന്നത്‌ എന്ന പെരുമ്പറ മുഴക്കുന്ന അതേ ശക്തിയിലും ശബ്ദത്തിലുമായിരുന്നു മാരാരുടെയും പെരുമ്പറ. അവസാനം കുറുക്കന്‍ വന്നു ചെണ്‌ടയുടെ തുകല്‍ കടിച്ചുകീറി അതിന്റെ അകം പൊള്ളയാണെന്നു പെട്ടെന്നു കണെ്‌ടത്തി. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ജമാഅത്ത്‌ അതിന്റെ ചെണ്‌ടയുടെ തുകല്‍ സ്വയം കടിച്ചുകീറി നാണംകെടുകയായിരുന്നുവെന്നാണു പരിഹാസം. 

ചെങ്ങറയിലും മൂലമ്പിള്ളിയിലും കിനാലൂരിലും ഞെളിയന്‍പറമ്പിലും പോരാട്ടങ്ങള്‍ സംഘടിപ്പിച്ചും ശാന്തപുരത്തും കുറ്റിയാടിയിലും ചേന്ദമംഗല്ലൂരിലും മറ്റു പലയിടങ്ങളിലും സാമൂഹികസേവനവും വിദ്യാഭ്യാസ-സാംസ്‌കാരികപ്രവര്‍ത്തനങ്ങളും നടത്തിയും സാമൂഹികപ്രശ്‌നങ്ങളില്‍ പത്രം ഉപയോഗിച്ചു ബഹളം വച്ചും ജമാഅത്തും പോഷകസംവിധാനങ്ങളും നടത്തിയ ഇടപെടല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ വന്‍തോതില്‍ തെറ്റിദ്ധരിപ്പിച്ചിരുന്നുവത്രേ. അതുകൊണ്‌ടവര്‍ സാമൂഹികരംഗത്ത്‌, ഉച്ചത്തില്‍ ചെണ്‌ടകൊട്ടുന്ന ഈ മാരാരെ അത്യധികം ഭയക്കുകയും സകല സമിതികളിലും അനര്‍ഹമായ പ്രാതിനിധ്യം നല്‍കി ആദരിക്കുകയും ചെയ്‌തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ ബാലന്‍സ്‌ ശരിപ്പെടുത്തുന്ന `അദൃശ്യശക്തിയുടെ' ഉടല്‍രൂപം അവര്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു നേരില്‍ക്കാണുകയും ഇത്‌ അല്‍പ്പം പോലും ഭയപ്പെടേണ്‌ടതില്ലാത്ത എന്നല്ല, മൈന്റ്‌ ചെയ്‌കപോലും ചെയ്യേണ്‌ടതില്ലാത്ത ഒരു ഉള്ളു പൊള്ളയായ ചെണ്‌ടയാണെന്നു ലോകത്തിനു ബോധ്യപ്പെടുകയും ചെയ്‌തുവെന്നാണു വിമര്‍ശകരുടെ വിലയിരുത്തല്‍.


ജമാഅത്തിന്‌ അതുദ്ദേശിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയതിന്‌ അതിന്റെ വക്താക്കള്‍ പറയുന്ന കാരണങ്ങള്‍ വിമര്‍ശകര്‍ തിരിച്ചും ആരോപിക്കുന്നു. ജമാഅത്തിനെ തോല്‍പ്പിക്കാന്‍ തത്ത്വവും നിലപാടും നോക്കാതെ വിവിധ പാര്‍ട്ടികള്‍ കൈകോര്‍ത്തതുപോലെ മങ്കടയിലും ഇരിക്കൂറിലും കുറ്റിയാടിയിലും എടയൂരിലും മറ്റു പലയിടങ്ങളിലും ഒളിഞ്ഞോ തെളിഞ്ഞോ സി.പി.എമ്മുമായും ചിലയിടങ്ങളില്‍ യു.ഡി.എഫുമായും ജമാഅത്ത്‌ നീക്കുപോക്കുകളോ രഹസ്യധാരണകളോ ഉണ്‌ടാക്കിയതായി മറുഭാഗം ആരോപിക്കുന്നു.�


മുസ്‌ലിം വോട്ടുകള്‍ ശിഥിലമാക്കി ബി.ജെ.പിക്ക്‌ അവസരമുണ്‌ടാക്കിക്കൊടുക്കുക മാത്രമല്ല, സംഘപരിവാര സഹയാത്രികരെ ജമാഅത്ത്‌ സ്ഥാനാര്‍ഥിയാക്കുക കൂടി ചെയ്‌തു എന്നും അവര്‍ ആരോപിക്കുന്നു. കണ്ണൂര്‍ നഗരസഭാ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ ജനപക്ഷം സ്ഥാനാര്‍ഥി ശശികല ബാല്‍താക്കറെ എന്ന സംഘപരിവാര വ്യാഘ്രത്തിന്റെ അനുയായിയായ ശിവസേനക്കാരിയാണ്‌. മലപ്പുറത്ത്‌ ജില്ലാപഞ്ചായത്തിലേക്കു മല്‍സരിച്ചു ജാമ്യസംഖ്യ കളഞ്ഞുകുളിച്ച സി പി കെ മാസ്റ്റര്‍ മുരത്ത ആര്‍.എസ്‌.എസുകാരനും മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാമന്‍പിള്ളയുടെ പാര്‍ട്ടിയുടെ ജില്ലാ വൈസ്‌ പ്രസിഡന്റുമാണ്‌.

ഉദ്ദേശിച്ച വിജയം കൈവരിക്കാനാവാത്ത ജമാഅത്തിനെ `കൊത്തിക്കൊല്ലാന്‍' രാഷ്ട്രീയപ്പാര്‍ട്ടികളും മതമേധാവികളും പരസ്‌പരം മല്‍സരിക്കുകയായിരുന്നുവെന്ന ജമാഅത്ത്‌വൃത്തങ്ങളുടെ പരാതിയിലുമില്ല പുതുമ. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തിനെ നിരന്തരം വിമര്‍ശിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവരാണ്‌ ഇവിടത്തെ യാഥാസ്ഥിതിക മതനേതൃത്വം. കഴിഞ്ഞ കുറേ നാളുകളായി മുജാഹിദുകളിലെ ഇരുവിഭാഗവും അക്കാര്യത്തില്‍ മല്‍സരിക്കുന്നു.

മൗലാനാ മൗദൂദിയോളം വിമര്‍ശനം ഏറ്റുവാങ്ങുന്ന ഒരു വ്യക്തി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജനിച്ചിട്ടില്ല. കേരളത്തിലെ പല മതപ്രാസംഗികന്മാരുടെയും അന്നന്നത്തെ അന്നപാനീയങ്ങള്‍ മൗദൂദിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവര്‍ പ്രസംഗം പഠിച്ചതുപോലും മൗദൂദി വിമര്‍ശനത്തിലൂടെയാണ്‌. എന്നിരിക്കെ, ജമാഅത്ത്‌ തിരഞ്ഞെടുപ്പുഗോദയിലിറങ്ങുമ്പോള്‍ ഇവരുടെ രൂക്ഷമായ എതിര്‍പ്പ്‌ മുന്‍കൂട്ടിക്കാണാതിരുന്നതിന്‌ അവനവനെ തന്നെയാണു പഴിക്കേണ്‌ടത്‌. എന്നാല്‍, ജമാഅത്തിനോടുള്ള സമീപനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചിലയിടങ്ങളില്‍ സ്വീകരിച്ച നിലപാട്‌ മാന്യതയ്‌ക്കും മര്യാദയ്‌ക്കും നിരക്കാത്തതായിപ്പോയി എന്നു തുറന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല.


നേരത്തേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്ന ജമാഅത്ത്‌ നിലപാട്‌ വിമര്‍ശനവിധേയമായപ്പോള്‍, `നിങ്ങള്‍ അശുദ്ധമാക്കിയ പാളയത്തിലേക്കു ഞങ്ങളില്ല' എന്നായിരുന്നു ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള മറുപടി. അതാണു ശരിയും; അന്നു മാത്രമല്ല, ഇപ്പോഴും. ആ പാളയത്തിലെ അഴുക്കും അശുദ്ധിയും വര്‍ധിക്കുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. അന്നത്തെ `ചെറിയ അശുദ്ധി' ഇന്നു `വലിയ അശുദ്ധി'യായി മാറിയിരിക്കുന്നു എന്നുമാത്രം. 

രാഷ്ട്രീയത്തില്‍ ആളില്ലാത്ത കുറവ്‌ മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളമില്ല. നേരത്തേ ഉള്ളതിനു പുറമെ പുതിയ പലതും പെറ്റുപെരുകിയും മുറിഞ്ഞും ഉണ്‌ടായിക്കൊണ്‌ടിരിക്കുന്നു. ജമാഅത്ത്‌ മഹത്തായ സേവനങ്ങളര്‍പ്പിച്ചും സാന്നിധ്യമറിയിച്ചും മുന്നേറിക്കൊണ്‌ടിരിക്കുന്ന മണ്ഡലങ്ങള്‍ നിരവധിയാണ്‌. സേവനമേഖലകളിലും ആതുരശുശ്രൂഷാ മണ്ഡലങ്ങളിലും ജമാഅത്ത്‌ നിര്‍വഹിച്ചുപോരുന്ന സ്‌തുത്യര്‍ഹമായ സേവനങ്ങള്‍ ഈയിടെയായി വന്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയിട്ടുണ്‌ട്‌. ആ നിലയ്‌ക്കു കേരളീയസമൂഹത്തില്‍ ജമാഅത്തിന്‌ അതിന്റെ യഥാര്‍ഥ വലുപ്പത്തിലും വലിയ സ്ഥാനമാണുള്ളത്‌. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത്‌ `അശികുശിയാവുക' വഴി ജമാഅത്ത്‌ ഇമേജ്‌ ബലൂണ്‍ കണക്കെ കാറ്റഴിഞ്ഞുപോവുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. പരിചയക്കുറവും കൊടിയും ചിഹ്നവുമില്ലാത്തതും മൂന്നുമാസത്തിനകം തട്ടിക്കൂട്ടിയ ഒരേര്‍പ്പാടായതുകൊണ്‌ടും മറ്റുമാണ്‌ പരാജയം ഏറ്റുവാങ്ങേണ്‌ടിവന്നത്‌ തുടങ്ങിയ ന്യായീകരണങ്ങള്‍ കണെ്‌ടത്തുന്നതിനു പകരം, ചണ്ഡീഗഡിലെ ബോക്‌സിങ്‌ താരത്തെപ്പോലെ കൂടുതല്‍ ഇടികളില്‍ നിന്നു രക്ഷപ്പെടാനുള്ള വഴിയാണ്‌ ജമാഅത്ത്‌ നേതൃത്വം ആരായേണ്‌ടത്‌.

1 പ്രതികരണങ്ങള്‍:

  1. >>>നേരത്തേ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ മാറിനിന്ന ജമാഅത്ത്‌ നിലപാട്‌ വിമര്‍ശനവിധേയമായപ്പോള്‍, `നിങ്ങള്‍ അശുദ്ധമാക്കിയ പാളയത്തിലേക്കു ഞങ്ങളില്ല' എന്നായിരുന്നു ജമാഅത്ത്‌ പക്ഷത്തുനിന്നുള്ള മറുപടി. അതാണു ശരിയും; അന്നു മാത്രമല്ല, ഇപ്പോഴും. <<<

    ഓ അബ്ദുള്ള സാഹിബിന്റെ ഈ പരാമര്‍ശത്തോട് യോജിപ്പില്ല . ജനാധിപത്യ മതേതര സംവിധാനത്തിലധിഷ്ടിതമായ ഒരു ഭരണ സംവിധാനത്തിലെ അഴിമതിയോ വികസനമോ ഒന്നുമായിരുന്നില്ല ജമാഅത്തെ ഇസ്ലാമി യുടെ പ്രശ്നം .ദൈവത്തിന്റെ പരമാധ്കാരം അംഗീകരിക്കാത്ത ഒരു ഗവെര്‍മെന്റ്റ്‌ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാല്‍ അതു ഗവെര്‍മെന്റിനെ ആരാധിക്കുന്നതിനു തുല്യമാണെന്നായിരുന്നു ജമാഅത്ത്‌ വാദം .
    അതിനു നിരവധി തെളിവുകള്‍ ഉണ്ട് .അവയില്‍ ചിലത് ഇവിടെ വായിക്കാം

    ReplyDelete

new old home
 
back to topGet This