മഅദനിയെ അകത്താക്കിയാല്‍ തീവ്രവാദം ഇല്ലാതാകുമോ?
ഒമ്പതര വര്‍ഷം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ നരക യാതന അനുഭവിക്കുകയും പിന്നീടു പൂര്‍ണമായി കുറ്റവിമുക്തനാക്കപ്പെട്ട ശേഷം വിട്ടയക്കപ്പെടുകയും ചെയ്ത അബ്ദുല്‍ നാസര്‍ മഅദനിയെ വീണ്ടും ജയിലില്‍ അടക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണ് പത്രവാര്‍ത്തകള്‍ നല്‍കുന്ന സൂചന.ബംഗലുരൂ സ്ഫോടനം അന്വേഷിക്കുന്ന കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന്റെ പോലിസ്,തടിയന്ടവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.ബംഗളുരു സ്ഫോടനത്തിന് പ്രചോദനമാകും വിധത്തില്‍ ആശയപരമായ പ്രേരണ നല്‍കി,ആസൂത്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നസീറിനെ ഉദ്ധരിച്ചു പോലിസ് പറഞ്ഞത്.എന്നാല്‍ കോഴിക്കോട് ഇരട്ട സ്ഫോടനം സംബന്ധിച്ച് തെളിവെടുക്കാന്‍ കൊച്ചിയില്‍ കൊണ്ടുവന്നപ്പോള്‍,താന്‍ മഅദനിക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും പോലിസ് പറയുന്നത് കളവു ആണെന്നുമാണ് നസീര്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്.നസീറിന്റെ ഈ വെളിപ്പെടുത്തലില്‍ ദേശീയ അന്വേഷണ ഏജന്‍സി അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.
പോലീസിന്റെ വാദം അംഗീകരിച്ചാല്‍ ജയില്‍ വിമുക്തമാക്കപ്പെട്ട ശേഷം മഅദനി സര്‍വതന്ത്രസ്വതന്ത്രനായിരുന്നുവെന്നും അദ്ദേഹം ഭീകരപ്രവര്ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതൊന്നും നമ്മുടെ ആഭ്യന്തര വിഭാഗം അറിയാതെയാണെന്നും കരുതണം.ഒരു ദശാബ്ദക്കാലം അഴികള്‍ക്കുള്ളില്‍ കിടന്നിട്ടും അതൊന്നും കൂസാതെ വീണ്ടും കൊടിയ ഭീകര കൃത്യങ്ങള്‍ ചെയ്യാന്‍ മടിക്കാത്ത ഒരാളെ നമ്മുടെ പോലിസ് ഒട്ടും നിരീക്ഷിക്കാതെ വിട്ടുവെങ്കില്‍ കുറ്റം ആരുടെതാണ് ? ഇത്ര കൊടും ഭീകരനായ ഒരാളെ ആയിരുന്നോ അദ്ദേഹം ജയില്‍ മോചിതനായ സന്ദര്‍ഭത്തില്‍ ശംഖുമുഖത്ത് വെച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ആവേശ്വോജ്വലമായ വരവേല്‍പ്പ് നല്‍കി വീണ്ടും കേരളത്തിലേക്ക് ആനയിച്ചത് ? ഇദ്ദേഹത്തെ തന്നെ ആയിരുന്നില്ലേ പിണറായി വിജയനും മറ്റു ഇടതു നേതാക്കളും തങ്ങളുടെ വേദിയിലിരുത്തി ഇലക്ഷന്‍ സമയത്ത് വോട്ടു ചോദിച്ചത് ?
സത്യത്തില്‍ ജയില്‍ മോചിതനായ മഅദനി എവിടെയൊക്കെ യാത്ര ചെയ്തോ,ആര്‍ക്കൊക്കെ ഫോണ്‍ ചെയ്തോ,ആരുമായൊക്കെ ബന്ധപ്പെട്ടോ അതൊക്കെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചിട്ടുണ്ട്.അദ്ദേഹത്തോടൊപ്പം മിക്കപ്പോഴും പോലിസ് അകമ്പടിയുണ്ടായിരുന്നു.അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും പോലിസ് നിരീക്ഷണത്തിലുണ്ടായിരുന്നു.എന്നിരിക്കെ,അതൊക്കെ മറികടന്നു മഅദനി ബംഗലുരു സ്ഫോടനത്തില്‍ പങ്കു വഹിച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.പ്രഥമ ദൃഷ്ട്യാ തന്നെ ഈ ആരോപണം നിലനില്‍ക്കുന്നില്ല. അതു കൊണ്ടാണ് മഅദനിയെ വീണ്ടും അകത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടി വരുന്നത്.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് മഅദനിയെ കുടുക്കാന്‍ പ്രത്യേക താല്‍പ്പര്യമൊന്നുമില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന നിലപാടില്‍ രാഷ്ട്രീയ നേതാക്കളും പ്രതികരിക്കുകയുണ്ടായി.നിയമവാഴ്ച്ചയെ അന്ഗീകരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.മഅദനി നിയമത്തിനു അതീതനൊന്നുമല്ല.പക്ഷെ ഒമ്പതര വര്ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവില്‍ അദ്ദേഹത്തെ പാര്‍പ്പിച്ച അനുഭവം മുന്നിലുണ്ട്.പ്രാഥമിക മനുഷ്യാവകാശം പോലും നിഷേധിച്ചു അദ്ദേഹത്തിന് ജീവിതം നിഷേധിച്ച സന്ദര്‍ഭത്തില്‍ പറഞ്ഞതും നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് തന്നെയായിരുന്നു എന്ന വസ്തുത നമുക്ക് മറക്കാനാകുമോ?
മഅദനിയുടെ ഭൂതകാല ചരിത്രം സ്ഫടികം പോലെ സുതാര്യവും പച്ച വെള്ളം പോലെ പരിശുദ്ധവുമാണെന്നൊന്നും ആര്‍ക്കും അഭിപ്രായമില്ല.തീര്‍ച്ചയായും തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ തീവ്രവാദം ബീജാവാപം ചെയ്യാന്‍ അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങളും വൈകാരിക സമീപനങ്ങളും കനത്ത സംഭാവന നല്‍കിയിട്ടുണ്ട്.അപക്വവും ആത്മാഹത്യാപരവുമായ ആ അപരാധത്തെ എന്നും ശക്തമായി തന്നെ എതിര്‍ക്കണം.മഅദനിയുടെ തന്നെ വാക്കുകളെ മുഖവിലക്കെടുക്കാം എങ്കില്‍ ആ വിവേക ശൂന്യതയെ അദ്ദേഹം തിരിച്ചറിയുകയും അതില്‍ ഖേദിക്കുകയും ജനാധിപത്യപരമായ പൊതു പ്രവര്‍ത്തന വഴി തിരഞ്ഞെടുക്കാന്‍ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്.തീവ്ര വാദത്തോട് എതിരിട്ടു കൊണ്ടുതന്നെയാണ് കേരളീയ പൊതുസമൂഹം,അദ്ദേഹത്തെ അന്യായമായി കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ തടവിലിട്ടു പീഡിപ്പിച്ചതിനെതിരെ ശബ്ദിച്ചത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു കൂടാ എന്നുള്ളത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണ്.എത്ര വലിയ കൊലയാളി ആണെങ്കില്‍ പോലും അയാള്‍ പ്രാഥമിക മനുഷ്യാവകാശങ്ങളും മാനവ നീതിയുമര്‍ഹിക്കുന്നുണ്ട്.കോടതി വിട്ടയച്ച ഒരാളെ കള്ളക്കഥകള്‍ കെട്ടിച്ചമച്ചു,ഗൂഡതാല്‍പ്പര്യങ്ങളുടെ പേരില്‍ അക്രമ സംഭവങ്ങളില്‍ പ്രതിചേര്‍ത്ത് നിരന്തരം ദ്രോഹിക്കുന്നത് മന:സാക്ഷിയുള്ളവരെ വേദനിപ്പിക്കും.മുന്‍ വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും വര്‍ഗീയ സമീപനവുമെല്ലാം മഅദനിയെയും കുടുംബത്തെയും അകത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്,അദ്ദേഹത്തെ ബംഗളുരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കാനായി കര്‍ണാടക പോലിസ് വിദഗ്ദ്ധമായി തയ്യാറാക്കിയ തിരക്കഥ. ഈ സാഹചര്യത്തിലാണ് മനുഷ്യസ്നേഹികള്‍ മഅദനിക്ക് സാമാന്യ നീതി നിഷേധിക്കരുതെന്ന് ആവശ്യപ്പെടുന്നത്.
തീവ്രവാദം ഭൂരിപക്ഷതിന്റെതായാലും ന്യൂനപക്ഷതിന്റെതായാലും എതിര്‍ക്കപ്പെട്ടെ മതിയാകൂ.വ്യക്തമായ തെളിവുകളോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയതായി തെളിയിക്കപ്പെട്ടാലും കടുത്ത ശിക്ഷ തന്നെ നല്‍കണം.അത് പ്രവീണ്‍ തൊഗാഡിയ ആയിരുന്നാലും മഅദനി ആയാലും വിട്ടുവീഴ്ച പാടില്ല.അതെ സമയം,ഇല്ലാത്ത കുറ്റമാരോപിച്ചു ഒരാളെ തകര്‍ക്കുന്നതും തീവ്രവാദ അന്വേഷണങ്ങളില്‍ ഇരട്ടത്താപ്പു കാണിക്കുന്നതും രാജ്യത്തിന്‍റെ സമാധാനം ഇല്ലാതാക്കാനേ സഹായിക്കൂ.
കടപ്പാട് : ISM Forum
(കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍)
(കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്ന കുറിപ്പുകള്‍ - ചര്‍ച്ചകള്‍)
എഴുതിയത് : മുജീബ്റഹ്മാന്‍ കിനാലൂര്‍
കൂട്ടി വായിക്കുവാന്‍ ചിലത് കൂടി ;
മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്? : ബഷീര്‍ വള്ളിക്കുന്ന്
മഅദനി: നീതിയും അനീതിയും.! : ബീമാപള്ളി
തീവ്രവാദം ഭൂരിപക്ഷതിന്റെതായാലും ന്യൂനപക്ഷതിന്റെതായാലും എതിര്‍ക്കപ്പെട്ടെ മതിയാകൂ.വ്യക്തമായ തെളിവുകളോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയതായി തെളിയിക്കപ്പെട്ടാലും കടുത്ത ശിക്ഷ തന്നെ നല്‍കണം.അത് പ്രവീണ്‍ തൊഗാഡിയ ആയിരുന്നാലും മഅദനി ആയാലും വിട്ടുവീഴ്ച പാടില്ല.അതെ സമയം,ഇല്ലാത്ത കുറ്റമാരോപിച്ചു ഒരാളെ തകര്‍ക്കുന്നതും തീവ്രവാദ അന്വേഷണങ്ങളില്‍ ഇരട്ടത്താപ്പു കാണിക്കുന്നതും രാജ്യത്തിന്‍റെ സമാധാനം ഇല്ലാതാക്കാനേ സഹായിക്കൂ.
ReplyDeleteഎനിക്ക് ഭ്രാന്തില്ല എന്ന് വിളിച്ചു പറയുന്നവനെ ഭ്രാന്തന്‍ ആക്കുന്നവരന് നമ്മുടെ സമൂഹം...ഖുറാന്‍ പിടിച്ചു മദനി സത്യം ചെയ്ത സ്ഥിതിക്ക് ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് മദനിയെ അവിശ്വസിക്കേണ്ട ആവശ്യമില്ല..പക്ഷെ പര്‍ദ്ദയും തൊപ്പിയും അസഹിഷ്ണുതയോടെ കാണുന്നവര്‍ മദനിയെ വെറുതെ വിടുമെന്ന് ആശിക്കുന്നത് തന്നെ അത്യാഗ്രഹമായിരിക്കും...
ReplyDeleteനല്ല പോസ്റ്റ്...സന്ദര്ഭോചിതം...
മഅദനിയുടെ പഴയ നിലപാടുകളുമായോ പുതിയ രാഷ്ട്രീയവുമായോ അനുകൂലിക്കുന്നില്ലെങ്കിലും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ചില ഗൂഢതാത്പര്യങ്ങളുനുസരിച്ചാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ReplyDeleteതെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അവിടെയും ചില വിവേചനങ്ങൾ, ചില തിടുക്കങ്ങൾ, ചില മൂടിവെക്കലുകൾ.. സാധാരണക്കാരെ സംബന്ധിച്ച് ഉത്കണ്ഡയുളവാക്കുന്നത് തന്നെ
മദനിക്ക് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം.വേദി പങ്കിട്ടവരും,കത്തയച്ചു വോട്ടു നേടിയവരും ഇപ്പോള്‍ മൌനവ്രതത്തില്‍ ആണ്.മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്, ഒന്നുമില്ലെന്കിലും അദ്ദേഹവും ഒരു മനുഷ്യനല്ലേ,
ReplyDeleteഒരു ഇന്ത്യക്കാരന്‍..
ഇതും കൂടി വായിക്കുമല്ലോ!
sreejithkondotty.blogspot.com/
മാദനിയുടെ കാര്യത്തിൽ ആരുടേയോ വൈരനിര്യാതനബുദ്ധിയും അതിനുവേണ്ടിയുള്ള ആസൂത്രണവും പിന്നാമ്പുറത്ത് പ്രവർത്തിച്ചിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാവുന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചതെന്ന് വ്യക്തമാണ്.
ReplyDelete