മതപ്രസംഗകര്‍ അറിയേണ്ട കാര്യങ്ങള്‍
നീ നാലു കാര്യം ചെയ്യണം,
നാലു കാര്യം വര്‍ജിക്കുകയും വേണം.
വര്‍ജിക്കേണ്ട ഒന്നാമത്തെ കാര്യം: നിര്‍ബന്ധിതനായാലല്ലാതെ ആരോടും ഒരു പ്രശ്‌നത്തിലും വാദപ്രതിവാദം നടത്തരുത്.ശരി, നിന്റെയും മറ്റൊരാളുടെയോ കൂട്ടരുടെയോ ഇടയില്‍ വല്ല പ്രശ്‌നവുമുണ്ടാവുന്നു.
കാരണം വാദപ്രതിവാദം കൊണ്ട് ഒരുപാട് ദോഷങ്ങളുണ്ട്.
അതുമൂലമുള്ള പാപം അതിന്റെ ഗുണത്തേക്കാള്‍ എത്രയോ വലുത്.
സത്യം തെളിയണമെന്നും അത് അറിയപ്പെടാതെ പോകരുതെന്നും നീ ആഗ്രഹിക്കുന്നു.
എങ്കില്‍ വാദപ്രതിവാദമാകാം; രണ്ടുപാധികളോടെ:
ഒന്ന്, സത്യം വെളിപ്പെടുന്നത് നിന്റെയോ എതിര്‍കക്ഷിയുടെയോ നാവിലൂടെ ആയിരിക്കുന്നതില്‍ നീ വ്യത്യാസം കല്‌പിക്കില്ല. രണ്ട്, നിനക്കിഷ്‌ടം വാദപ്രതിവാദം ആള്‍ക്കൂട്ടത്തില്‍ വെച്ച് ആവുന്നതിലായിരിക്കില്ല. ഒഴിഞ്ഞ സ്ഥലത്ത് വെച്ചായിരിക്കുന്നതിലായിരിക്കും.
വര്‍ജിക്കേണ്ട രണ്ടാമത്തെ കാര്യം: നീ പറയുന്ന കാര്യങ്ങള്‍ ആദ്യം നീ ചെയ്യുകയും പിന്നീട് ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നെങ്കില്‍ മാത്രം നീ വാഇദ്വും (മതപ്രസംഗകനും) മുദക്കിറും (ഉല്‍ബോധകനും) ആയാല്‍ മതി. ഇല്ലെങ്കില്‍ അതിന് തുനിയേണ്ട.
കാരണം അതുകൊണ്ട് ഒരുപാട് ദോഷങ്ങളുണ്ട്. മതപ്രസംഗം നടത്തുക അത്യാവശ്യമായിത്തീര്‍ന്നാല്‍ രണ്ടു കാര്യം ശ്രദ്ധിക്കണം: പ്രസംഗത്തില്‍ ദുര്‍ഗ്രഹ ശൈലികള്‍, സൂചനകള്‍, മനുഷ്യപ്രകൃതിക്ക് മനസ്സിലാകാത്ത വ്യാജസ്വൂഫികളുടെ ഗഹനമായ വാക്കുകള്‍ പോലുള്ളവ ഒഴിവാക്കണം. കാരണമത് അല്ലാഹു ഇഷ്‌ടപ്പെടാത്ത കാര്യമാണ്.
ഒരാളുടെ വീട് ശക്തമായ ജലപ്രവാഹത്തില്‍ പെടാന്‍ പോകുന്നു. ഗൃഹനാഥനും കുടുംബവും വീട്ടിനകത്തുണ്ട്. അപ്പോള്‍ അവരോട് നീ എന്താണ് പറയുക? `വീട്ടുകാരെ ഉടനെ രക്ഷപ്പെട്ടോളൂ, ഭയങ്കര ജലപ്രവാഹം വരുന്നു!' ഇങ്ങനെയായിരിക്കും പറയുക. അല്ലാതെ ദുര്‍ഗ്രഹ വാക്കുകളും ഗഹനമായ ശൈലികളും സൂചനകളും കൊണ്ടായിരിക്കില്ല. ഇങ്ങനെത്തന്നെയാണ് വഅദ്വ് പറയുന്നവനും ചെയ്യേണ്ടത്. അയാളും ഇത്തരം കൃത്രിമത്വം ഉപേക്ഷിക്കണം.
മതപ്രസംഗകര്‍ ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം: വഅദ്വ് കൊണ്ടുള്ള ഉദ്ദേശ്യം നിന്റെ സദസ്സില്‍ വര്‍ധിച്ച ആള്‍ക്കൂട്ടമുണ്ടാവുകയും അവര്‍ നിന്റെ പ്രസംഗം കേട്ട് കരയുകയും വികാരാവേശം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കരുത്- എത്ര നല്ല വഅദ്വ് എന്ന് അവര്‍ പറയാന്‍ വേണ്ടി! ഇങ്ങനെയാവുന്നത് ദുന്‍യാവിലേക്കുള്ള ചായ്‌വാണ്.
ദീനിനോടുള്ള അവഗണന മൂലമാണ് ഇതുണ്ടാവുന്നത്.
നിന്റെ ലക്ഷ്യം ഇതായിരിക്കണം: ആളുകളെ ക്ഷണിക്കുക ദുന്‍യാവില്‍ നിന്ന് ആഖിറത്തിലേക്ക്, പിശുക്കില്‍ നിന്ന് ഔദാര്യത്തിലേക്ക്, വ്യാമോഹത്തില്‍ നിന്ന് ധര്‍മനിഷ്‌ഠയിലേക്ക്. നീ അവര്‍ക്ക് ആഖിറത്തിനെ പ്രിയങ്കരമാക്കണം, ദുന്‍യാവിനോട് പ്രതിപത്തി ഉണ്ടാക്കണം, ഇബാദത്തിനെയും സുഹ്‌ദിനെയും കുറിച്ച് അവരില്‍ അവബോധമുണ്ടാക്കണം. അവരുടെ ഹൃദയത്തില്‍ ആഖിറത്തിനെയും ദൈവശിക്ഷയെയും കുറിച്ച ഭീതിയുണ്ടാക്കണം, അവര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഭയങ്കര രംഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‌കണം, പേടിപ്പിക്കണം. ചുരുക്കത്തില്‍ വഅദ്വ് കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിനെ അനുസരിക്കുന്നതില്‍ ആളുകള്‍ക്ക് ആഗ്രഹവും താല്‌പര്യവും ഉണ്ടാക്കുക, അല്ലാഹുവോടുള്ള ധിക്കാരത്തില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുക എന്നതായിരിക്കുണം
ഇതാണ് വഅദ്വിന്റെ ശരിയായ രീതി.
ഇപ്രകാരമല്ലാത്ത ഏതു വഅദ്വും ദോഷകരമാണ്. അത് പറയുന്ന ആള്‍ക്കും കേള്‍ക്കുന്ന ആള്‍ക്കും. അത്തരം മതപ്രസംഗകന്‍ ജനങ്ങളെ നേര്‍മാര്‍രഗത്തില്‍ നിന്ന് തെറ്റിച്ചുകൊണ്ടുപോയി നശിപ്പിച്ചുകളയുന്ന കുട്ടിച്ചാത്തനോ പിശാചോ ആണെന്നു വരെ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ ആളുകള്‍ ഇത്തരം വഅദ്വുകാരില്‍ നിന്ന് ഓടി രക്ഷപ്പട്ടുകളയണം. അവര്‍ ദീന്‍ നശിപ്പിക്കുമ്പോലെ പിശാചിനുപോലും നശിപ്പിക്കാന്‍ കഴിയില്ല.
കഴിവും സ്വാധീനവും ഉള്ളവര്‍ ഇത്തരം മതപ്രസംഗകരെ പ്രസംഗ മണ്ഡപത്തില്‍ നിന്ന് ഇറക്കിവിടണം. അവരെ വഅദ്വ് പറയാന്‍ അനുവദിക്കരുത്. ഇങ്ങനെ ചെയ്യുന്നത് അംറുല്‍ ബില്‍ മഅ്‌റൂഫ് വനഹ്‌യുന്‍ അനില്‍മുന്‍കര്‍ (നന്മയെ കല്‍പിക്കുക, തിന്മയെ എതിര്‍ക്കുക) എന്ന ബാധ്യതയില്‍ പെടും.
വര്‍ജിക്കേണ്ട നാലാമത്തെ കാര്യം: ഭരണാധികാരികളില്‍ നിന്നും രാജാക്കന്മാരില്‍ നിന്നും അകന്നു ജീവിക്കണം. അവരുടെ സഹവാസം മതജീവിതത്തില്‍ വമ്പിച്ച ദോഷം വരുത്തിവെക്കും.
ഭരണാധികാരികളുടെയും രാജാക്കന്മാരുടെയും പാരിതോഷികങ്ങളോ സാമ്പത്തികസഹായമോ സ്വീകരിക്കരുത്. അതും ദീനിനെ തകരാറിലാക്കുന്ന കാര്യമാണ്.
ചെയ്യേണ്ട കാര്യങ്ങള്‍:
ഒന്ന്, നിന്റെ ദാസന്‍ നിന്നോട് ഏതു വിധത്തില്‍ പെരുമാറിയാല്‍ നീ അവനെക്കുറിച്ച് തൃപ്‌തനാകുമോ ആ വിധത്തില്‍ നീ അല്ലാഹുവോട് പെരുമാറണം.
രണ്ട്, നീ ജനങ്ങളോട് പെരുമാറേണ്ടത്, അവര്‍ നിന്നോട് ഏതു വിധത്തില്‍ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുവോ ആ വിധത്തിലായിരിക്കണം.
നീ ചിന്തിക്കേണ്ടതിന് മറ്റു ചില കാര്യങ്ങള്‍ കൂടി പറയാം: ചക്രവര്‍ത്തി ഒരാഴ്‌ച കഴിഞ്ഞ് നിന്റെ വീട്ടിലേക്ക് എഴുന്നള്ളുന്നുവെന്ന് നീ അറിയുന്നു. എങ്കില്‍ ചക്രവര്‍ത്തിയുടെ ദൃഷ്‌ടി പതിയുമെന്ന് നീ വിചാരിക്കുന്ന നിന്റെ വസ്‌ത്രം, ശരീരം, വീട്, കാര്‍പറ്റ് തുടങ്ങിയവ വൃത്തിയായും നന്നായും വെക്കുന്നതില്‍ ആ ആഴ്‌ച മുഴുവന്‍ നീ ശ്രദ്ധിക്കുമെന്നത് തീര്‍ച്ചയാണ്. അല്ലാഹു നോക്കുന്നത് നിന്റെ ഹൃദയത്തെയാണ്.
മൂന്ന്, നീ നേടുന്ന വിജ്ഞാനം നിന്റെ ഹൃദയത്തെ സംസ്‌കരിക്കുന്നതും മനസ്സിനെ ശുദ്ധീകരിക്കുന്നതുമായിരിക്കണം.
നിന്റെ ആയുസ്സ് ഒരാഴ്‌ച മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് നീ സങ്കല്‍പ്പിക്കുക. അപ്പോള്‍ നീ എന്ത് ചെ യ്യും? കര്‍മശാസ്‌ത്രം, വിവാദ വിഷയങ്ങള്‍, നിദാന ശാസ്‌ത്രം, വിശ്വാസശാസ്‌ത്രം പോലുള്ളവയില്‍ നീ ഏര്‍പ്പെടുകയില്ലല്ലോ. കാരണം നിനക്കറിയാം, ഈ വിജ്ഞാനങ്ങള്‍ നിനക്ക് ഈ ഘട്ടത്തില്‍ ഉപകാരപ്പെടില്ലെന്ന്. ആത്മ സംസ്‌കരണത്തിലും മനശ്ശാസ്‌ത്രത്തിലും ദുന്‍യാമോഹം വര്‍ജിക്കുന്നതിലും നീ ശ്രദ്ധിക്കും. മനുഷ്യന്‍ ഏതു സമയത്തും മരിക്കുമല്ലോ.
നാല്, ഒരു കൊല്ലത്തേക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ധനം നീ സംഭരിച്ചുവെക്കരുത്.
നബി ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: `അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിനുള്ള ആഹാരം ആവശ്യത്തിനു മാത്രം (കുറച്ചോ അധികമോ അല്ലാത്ത വിധത്തില്‍) നീ നല്‌കേണമേ.' തന്റെ പത്‌നിമാരില്‍ ദുര്‍ബല മനസ്‌കരെന്ന് നബി മനസ്സിലാക്കിയിരുന്നവര്‍ക്കു വേണ്ടി മാത്രമാണ് ഒരു കൊല്ലത്തേക്കാവശ്യമായ ധനം സംഭരിച്ചുവെച്ചിരുന്നത്. ദൃഢമനസ്‌കര്‍ക്കാവട്ടെ, ഒരു ദിവസത്തേക്കോ അര ദിവസത്തേക്കോ മാത്രമുള്ള ഭക്ഷണമേ കരുതിവെച്ചിരുന്നുള്ളൂ.
ഒരു പ്രാര്‍ഥന പഠിപ്പിച്ചുതരണമെന്ന് നീ ആവശ്യപ്പെട്ടിരുന്നല്ലോ. അത് ആധികാരിക ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് ലഭിക്കും.
(അയ്യുഹല്‍ വലദില്‍ നിന്ന്) ഇമാം ഗസ്സാലി /വിവ. മുഹമ്മദ് ശമീം ഉമരി
എല്ലാവരും മനസ്സിലാക്കേണ്ട നല്ല വാക്കുകള്‍
ReplyDelete