August 25, 2011

മതവിധികളും മാറുന്ന ലോകവും



വിശുദ്ധ ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ട അടിസ്ഥാനപരമായ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ കാലവും സമൂഹവും എത്ര മാറിയാലും ഒരു മാറ്റവുമുണ്ടാകില്ല. എന്നാല്‍ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിലും അവയുടെ തത്വങ്ങളും വിധികളും ഗ്രഹിക്കുന്നതിലും എന്നും വീക്ഷണവ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്‌. സ്വഹാബത്തിന്റെ കാലം മുതല്‍ ഇത്‌ സംഭവിച്ചിട്ടുണ്ട്‌. മനുഷ്യന്‍ മനുഷ്യനായി ഈ ഭൂമിയില്‍ നിവസിക്കുന്നേടത്തോളം അറിവിലും ചിന്തയിലും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലുമുള്ള വൈവിധ്യവും വീക്ഷണവ്യത്യാസവും സംഭവിച്ചുകൊണ്ടേയിരിക്കുമെന്നത്‌ ഒരു പ്രാപഞ്ചിക നിയമമാണ്‌.

ഖുര്‍ആന്‍ ഈ വീക്ഷണവ്യത്യാസത്തിനൊരു ഉദാഹരണം വിവരിക്കുന്നുണ്ട്‌:

പ്രവാചകനായ ദാവൂദും(അ) പുത്രന്‍ സുലൈമാനും(അ); അവരുടെ ഭരണകാലത്ത്‌ ഒരു കേസുണ്ടായി. ഒരാള്‍ വളര്‍ത്തുന്ന ആടുകള്‍ മറ്റൊരാളുടെ കൃഷിയിടത്തില്‍ പ്രവേശിച്ച്‌ വിളകളെല്ലാം തിന്നു. ഈ കേസില്‍ ദാവൂദിന്റെ(അ) വിധി കേട്ട്‌ പുറത്ത്‌ വരികയായിരുന്ന അന്യായക്കാരനെയും പ്രതിയെയും 
സുലൈമാന്‍ (അ)കണ്ടപ്പോള്‍ അദ്ദേഹം എന്താണ്‌ കേസിന്റെ വിധി എന്നന്വേഷിച്ചു. ആടുകളെ കൃഷിക്കാരന്‌ കൊടുക്കേണമെന്നാണ്‌ വിധി എന്നറിയിച്ചപ്പോള്‍ അവരെയും കൂട്ടി
സുലൈമാന്‍(അ) പിതാവ്‌ ദാവൂദിനെ (അ)സമീപിച്ച്‌ പറഞ്ഞു: 

``പ്രവാചകരേ, ഇതിനേക്കാള്‍ ദയാപരമായ മറ്റൊരു വിധിയാണ്‌ വേണ്ടതെന്നാണ്‌ എന്റെ അഭിപ്രായം.'' 
ദാവൂദ്‌(അ): ``എന്താണത്‌?'' 
സുലൈമാന്‍(അ): ``ആടുകളെ കൃഷിക്കാരന്‌ കൊടുക്കുക. അവന്‍ അവയുടെ പാലും നെയ്യും രോമവുമെല്ലാം ഉപയോഗിക്കട്ടെ. കൃഷി ആടുകളുടെ ഉടമക്കും നല്‍കുക. അവന്‍ അതിനെ പരിപാലിക്കട്ടെ. അങ്ങനെ അത്‌ പൂര്‍വസ്ഥിതി പ്രാപിച്ചാല്‍ ഓരോരുത്തരും സ്വത്ത്‌ ഉടമക്ക്‌ തന്നെ തിരിച്ചേല്‍പിപ്പിക്കുക.''

വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അന്‍ബിയാഇല്‍ സൂചിപ്പിച്ച ഈ സംഭവം നല്‍കുന്ന പാഠമെന്താണ്‌? 
കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും അതനുസരിച്ച്‌ വിധികള്‍ പ്രസ്‌താവിക്കുന്നതിലും വീക്ഷണ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്‌. പ്രമാണങ്ങളുടെ അക്ഷരാര്‍ഥം മാത്രം ചിലര്‍ നോക്കുമ്പോള്‍ മറ്റു ചിലര്‍ അവയുടെ സന്ദര്‍ഭവും പൊരുളും തത്വവും നോക്കിയാണ്‌ വ്യാഖ്യാനിക്കുകയും വിധി പ്രസ്‌താവിക്കുകയും ചെയ്യുക.
റസൂലിന്റെ(സ : അ) കാലത്തെ ഒരു ഉദാഹരണം: 
 അഹ്‌സാബ്‌ യുദ്ധം നടക്കുന്ന സന്ദര്‍ഭത്തില്‍ തിരുമേനി(സ:അ) ഒരു സൈനിക സംഘത്തോട്‌ പറഞ്ഞു:
``നിങ്ങള്‍ ബനൂഖുദൈയില്‍ വെച്ചല്ലാതെ അസ്‌ര്‍ നമസ്‌കരിക്കരുത്‌.'' 
എന്നാല്‍ അവിടെയെത്തും മുമ്പ്‌ വഴിയില്‍ അസ്‌ര്‍ സമയമായി.
ചിലര്‍ പറഞ്ഞു: ``അവിടെയെത്തിയിട്ട്‌ അസ്‌ര്‍ നമസ്‌കരിക്കാനല്ലേ റസൂല്‍ പറഞ്ഞത്‌; ഞങ്ങള്‍ അതിന്‌ മുമ്പ്‌ നമസ്‌കരിക്കുകയില്ല.'' 
മറ്റൊരു വിഭാഗം പറഞ്ഞു: ``റസൂലിന്റെ ഉദ്ദേശ്യം അതല്ല. ഞങ്ങള്‍ ഇവിടെ വെച്ച്‌ തന്നെ നമസ്‌കരിക്കുകയാണ്‌.'' 
 ഈ വിവരമറിഞ്ഞപ്പോള്‍ റസൂല്‍(സ:അ) ഒരു വിഭാഗത്തെയും ആക്ഷേപിച്ചില്ല.

പ്രമാണങ്ങളെ സന്ദര്‍ഭത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കത്തതു കൊണ്ടും വ്യത്യസ്‌ത വീക്ഷണമുണ്ടാകാമെന്നതിന്‌ മറ്റൊരു ഉദാഹരണം: 
മരണപ്പെട്ടവനെച്ചൊല്ലി മയ്യിത്തിന്റെ കുടുംബങ്ങള്‍ കരഞ്ഞാല്‍ അത്‌ കാരണമായി മയ്യിത്ത്‌ ശിക്ഷിക്കപ്പെടുമെന്ന്‌ റസൂല്‍ (സ:അ)പറഞ്ഞതായി ഇബ്‌നുഉമര്‍(റ) ഒരു ഹദീസ്‌ ഉദ്ധരിച്ചപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയതില്‍ അബദ്ധം പറ്റിയതാണെന്ന്‌ ആഇശ(റ) വിധിച്ചു. 
അവര്‍ സംഭവം ഇങ്ങനെ വിവരിച്ചു: മരണപ്പെട്ട ഒരു യഹൂദ സ്‌ത്രീയുടെ പേരില്‍ കുടുംബങ്ങള്‍ കരയുന്നത്‌ നബി(സ:അ) കണ്ടു. 
അപ്പോള്‍ അദ്ദേഹം (സ:അ)പറഞ്ഞു:
"അവര്‍ അവളുടെ പേരില്‍ കരയുന്നു; അവളാകട്ടെ ഖബറില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. "
അപ്പോള്‍ കരച്ചിലാണ്‌ ശിക്ഷക്ക്‌ കാരണമെന്നും ഇത്‌ എല്ലാ മയ്യിത്തിനും ബാധകമായ ഒരു വിധിയാണെന്നും അദ്ദേഹം ധരിച്ചതാണ്‌.

ഇങ്ങനെ പ്രമാണങ്ങളിലെ യുക്തിയും സന്ദര്‍ഭവും മനസ്സിലാക്കാതെ അവയുടെ ബാഹ്യാര്‍ഥം മാത്രം നോക്കി വ്യാഖ്യാനിക്കുകയും അതനുസരിച്ച്‌ വിധികള്‍ പ്രസ്‌താവിക്കുകയും ചെയ്യുന്നതാണ്‌ ഇന്ന്‌ മതരംഗത്ത്‌ കാണുന്ന അധിക ഭിന്നാഭിപ്രായങ്ങള്‍ക്കും കാരണം.
പ്രമാണങ്ങളെ നോക്കി പണ്ഡിതന്മാര്‍ വിധി കല്‍പിക്കേണ്ട പല ആധുനിക പ്രശ്‌നങ്ങളും ഇന്ന്‌ മുസ്‌ലിംകളെ അഭിമുഖീകരിക്കുന്നുണ്ട്‌. അവയില്‍ അവരുടെ ഫത്‌വാകള്‍ വരികയും ചെയ്യുന്നുണ്ട്‌. ഇത്തരം ഫത്‌വാകളില്‍ ചിലതിനോട്‌ കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നുവരാറുമുണ്ട്‌. 
തങ്ങള്‍ മനസ്സിലാക്കിയത്‌ മാത്രമാണ്‌ ശരിയെന്ന വിശ്വാസമാണ്‌ പലരെയും വീക്ഷണവ്യത്യാസത്തോട്‌ അലര്‍ജി പ്രകടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. 
എന്നാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും ആരാധനകളും സ്ഥായിയായ നിയമങ്ങളും അല്ലാത്ത വിഷയങ്ങളില്‍ വിധികള്‍ പ്രസ്‌താവിക്കുമ്പോള്‍ കാലത്തിന്റെയും സമൂഹത്തിന്റെയും സമ്പ്രദായങ്ങളുടെയും മാറ്റം പരിഗണിക്കുക എന്നതാണ്‌ പണ്ഡിതന്മാര്‍ പൂര്‍വകാലം മുതല്‍ക്കു തന്നെ അംഗീകരിച്ചുവന്ന രീതി. നാടിന്റെ മാറ്റമനുസരിച്ചും മതവിധികളിലും വീക്ഷണങ്ങളിലും മാറ്റം സംഭവിക്കാറുണ്ട്‌.

ശാസ്‌ത്ര-വിജ്ഞാന രംഗങ്ങളില്‍ സംഭവിച്ച വിസ്‌ഫോടനകരമായ മാറ്റം മതവിധികളിലും പ്രതിഫലിക്കുക സ്വാഭാവികമാണ്‌. അതിവേഗതയാണ്‌ കാലഘട്ടത്തിന്റെ മുഖമുദ്ര. ജീവിതം സുഗമമാക്കുക എന്നത്‌ ഇസ്‌ലാമിന്റെ തത്വമാണ്‌. 

``നിങ്ങള്‍ക്ക്‌ അവന്‍ എളുപ്പത്തെയാണ്‌ ഉദ്ദേശിക്കുന്നത്‌; പ്രയാസത്തെയല്ല,'' ``
മതത്തില്‍ നിങ്ങള്‍ക്ക്‌ ഒരു വിഷമവും ഏര്‍പ്പെടുത്തിയിട്ടില്ല'' 

എന്നീ ഖുര്‍ആന്‍ വാക്യങ്ങള്‍ അടിസ്ഥാനശിലകളാണ്‌.

കമ്പ്യൂട്ടര്‍ എന്ന അത്യത്ഭുതകരമായ ഉപകരണം ജീവിതത്തെ എത്രമാത്രം സുഗമമാക്കിയിരിക്കുന്നു. അതുകൊണ്ട്‌ തന്നെ അത്‌ മുഖേനയുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകള്‍ക്ക്‌ മാത്രമല്ല, ഇന്റര്‍നെറ്റ്‌ വഴിക്കുള്ള വിവാഹങ്ങള്‍ക്കു പോലും ആധുനിക പണ്ഡിതന്മാര്‍ അംഗീകാരം നല്‍കുന്നു.

വൈദ്യശാസ്‌ത്രരംഗത്താണ്‌ വമ്പിച്ച പുരോഗതി കൈവന്നത്‌. ഡി എന്‍ എ ടെസ്റ്റിലൂടെയുള്ള പിതൃത്വ നിര്‍ണയം പൂര്‍വകാല പണ്ഡിതന്മാരുടെ വിധികളിലും നിഗമനങ്ങളിലും പലതിനെയും തിരുത്തി. 
ഒരു സ്‌ത്രീയുടെ ഗര്‍ഭം നാലുവര്‍ഷം വരെ നിലനില്‍ക്കുമെന്ന്‌ ചില ഫുഖഹാക്കള്‍ മുമ്പ്‌ അഭിപ്രായപ്പെട്ടിരുന്നു. സ്‌ത്രീയുടെ വാക്ക്‌ വിശ്വസിച്ചായിരുന്നു അത്‌. 
രണ്ടു വര്‍ഷമാണ്‌ ഹനഫീ മദ്‌ഹബില്‍. 
ഇന്ന്‌ സ്‌ത്രീകള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന്‌ ലബോറട്ടറി പരിശോധനകള്‍ കൊണ്ട്‌ മിനിറ്റുകള്‍ക്കകം കണ്ടെത്താന്‍ കഴിയും.
`കള്ളഗര്‍ഭം' എന്ന മനശാസ്‌ത്രപരമായ പ്രതിഭാസം മനസ്സിലാക്കാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. 
അതുപോലെ അവയവം മാറ്റിവെക്കലും അവയവദാനവും മസ്‌തിഷ്‌ക മരണവുമെല്ലാം പണ്ഡിതന്മാര്‍ അംഗീകരിക്കുന്നു.

 നാടിന്റെ മാറ്റം വിധികളിലും പ്രമാണങ്ങളുടെ വ്യാഖ്യനങ്ങളിലും വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കും. അതുകൊണ്ടാണല്ലോ ഇമാം ശാഫിഈ(റ) ഇറാഖില്‍ നിന്ന്‌ ഈജിപ്‌തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വിധികളിലും വ്യത്യാസം വന്നത്‌. ഇന്ത്യ ഒരു മേതതര-ബഹുമത സമൂഹ രാജ്യമാണ്‌. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ഭരണഘടന, തെരഞ്ഞെടുപ്പ്‌, ഭരണപങ്കാളിത്തം, ജനാധിപത്യക്രമം, സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍, ഇതര മതസ്ഥരോടുള്ള സമീപനം, തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ മാത്രമുള്ള ഒരു രാജ്യത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ രീതി സ്വീകരിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാകുന്നു. ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങളില്‍ തൗഹീദിന്‌ വിരുദ്ധമായ പല വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്‌. ജിന്ന്‌, ശൈത്താന്‍, സിഹ്‌റ്‌ തുടങ്ങിയവ എല്ലാ സമുദായങ്ങളിലുമുണ്ട്‌. പേരുകളില്‍ മാറ്റമുണ്ടാകുമെന്ന്‌ മാത്രം. ഇവയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളും അനുഷ്‌ഠാനങ്ങളും അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ഖുര്‍ആന്‍ വിവരിച്ച ജിന്ന്‌, ശൈത്താന്‍, സിഹ്‌റ്‌ എന്നിവക്ക്‌ സമൂഹങ്ങളില്‍ പ്രചാരത്തിലുള്ള രൂപ സങ്കല്‍പമനുസരിച്ച്‌ വ്യാഖ്യാനം നല്‍കുകയും, അതനുസരിച്ച്‌ വിധി പ്രസ്‌താവിക്കുകയും ചെയ്‌ത്‌ ചില പണ്ഡിതന്മാര്‍ അബദ്ധത്തില്‍ വീണിട്ടുണ്ട്‌.
അങ്ങനെയാണ്‌ ജിന്നുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്‌ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ കടന്നുകൂടിയത്‌. ഏതായാലും ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായത്തെ മുസ്‌ലിംകള്‍ ആദരിക്കുകയും അവരുമായി സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്നുവെങ്കിലും തൗഹീദിന്‌ വിരുദ്ധമായ അവരുടെ വിശ്വാസാചാരങ്ങളെ ഒരിക്കലും അംഗീകരിക്കാന്‍ അവര്‍ക്ക്‌ നിര്‍വാഹമില്ല.
മുസ്‌ലിംകളില്‍ ചിലര്‍ വിശ്വസിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന സിഹ്‌റും ഹിന്ദുക്കളുടെ മാരണവും തമ്മില്‍ പേരിലില്ലാതെ മറ്റ്‌ വ്യത്യാസങ്ങളുണ്ടോ?

അതേ അവസരം ഓരോ നാടിന്റെയും സാമൂഹ്യാവസ്ഥയും പാരമ്പര്യവും പണ്ഡിതന്മാരുടെ ഫത്‌വാകളില്‍ സ്വാധീനം ചെലുത്തും. 
സ്‌ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം ധരിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്‌ എന്ന്‌ സുഊദി അറേബ്യയിലെ ഒരു പണ്ഡിതനോട്‌ ചോദിച്ചാല്‍ `നിര്‍ബന്ധം' എന്ന മറുപടിയാണ്‌ ലഭിക്കുകയെങ്കില്‍ ഇന്ത്യന്‍ പണ്ഡിതന്‍ `നിര്‍ബന്ധമില്ല' എന്നാണ്‌ ഉത്തരം നല്‍കുക. 
മിശ്രവിദ്യാഭ്യാസം സുഊദിയില്‍ അനുവദനീയമല്ലെങ്കില്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ അതില്‍ തെറ്റ്‌ കാണുന്നില്ല. സ്‌ത്രീകള്‍ക്ക്‌ കാര്‍ ഡ്രൈവിംഗ്‌ അവിടെ പാടില്ലെങ്കില്‍ ഇവിടെ ഹലാലാണ്‌. 
സുഊദിയിലെ മഹാന്മാരായ പണ്ഡിതന്മാര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അവിടുത്തെ പാരമ്പര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചാണ്‌ സ്‌ത്രീകളുടെ വിഷയത്തില്‍ ഫത്‌വാകള്‍ നല്‌കുന്നത്‌.
കാലം മാറുമ്പോള്‍ പുതിയ വിധികളും പ്രമാണങ്ങള്‍ക്ക്‌ പുതിയ വ്യാഖ്യാനങ്ങളും ഏത്‌ നാട്ടിലും വരിക അനിവാര്യമാണ്‌.

പ്രസിദ്ധ പണ്ഡിതനായ ഖര്‍റാഫി (ക്രി.1285) പറയുന്നതു പോലെ ഒരു നാട്ടിലെ പണ്ഡിതന്മാരുടെ വിധികള്‍ മറ്റൊരു നാട്ടിലുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ പാടില്ല. നാട്ടിന്റെ സമ്പ്രദായങ്ങളും സ്ഥിതിയും പരിഗണിക്കുക എന്നത്‌ നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും നിര്‍ണായകമായ ഒരു ഘടകം തന്നെയാണ്‌. 
ഇമാം അബൂഹനീഫ (റ)ഒരു പരിതസ്ഥിതിയില്‍ ഫാര്‍സി ഭാഷയില്‍ ഖുര്‍ആന്‍ ഓതാമെന്ന്‌ വിധിച്ചത്‌ ഇവിടെ സ്‌മരണീയമാണ്‌. ജനങ്ങളുടെ താല്‍പര്യസംരക്ഷണമാണ്‌ ശരീഅത്തിന്റെ ലക്ഷ്യം.

ഇബ്‌നുതൈമിയ്യ പറയുന്നു: ``ഇസ്‌ലാമിക ശരീഅത്ത്‌ വന്നത്‌ നന്മകള്‍ സാധിക്കാനും പൂര്‍ത്തീകരിക്കാനുമാണ്‌.'' ജനങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുകയല്ല, പ്രയാസങ്ങളെ ലഘൂകരിക്കുകയായിരിക്കണം പണ്ഡിതന്മാരുടെ കര്‍ത്തവ്യം.

പാശ്ചാത്യ രാജ്യങ്ങളില്‍ ഭാര്യ ഇസ്‌ലാം മതം സ്വീകരിക്കുകയും ഭര്‍ത്താവ്‌ അയാളുടെ മതത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന പരിതസ്ഥിതിയുണ്ട്‌. ഈ അവസ്ഥയില്‍ സ്‌ത്രീ എന്ത്‌ ചെയ്യണം. മുമ്പ്‌ ഇത്തരം പരിതസ്ഥിതിയില്‍ സ്വീകരിക്കേണ്ട ഒമ്പത്‌ അഭിപ്രായങ്ങള്‍ ഇബ്‌നുല്‍ഖയ്യിം രേഖപ്പെടുത്തിയിട്ടുണ്ട്‌. അവയില്‍ ഒന്ന്‌ ഉമര്‍(റ) പറഞ്ഞ ഇതാണ്‌: അവള്‍ക്ക്‌ ഭര്‍ത്താവിന്റെ കൂടെ താമസിക്കുകയോ അയാളെ പിരിയുകയോ ഇഷ്‌ടമുള്ളത്‌ ചെയ്യാം. അലി(റ) പറഞ്ഞത്‌ ഭര്‍ത്താവ്‌ അവളെ പുറത്താക്കാത്തേടത്തോളം കാലം അവളെ അവകാശപ്പെട്ടവന്‍ അയാള്‍ തന്നെയാണ്‌ എന്നാണ്‌. പരിതസ്ഥിതിക്ക്‌ അനുയോജ്യമായ ഇത്തരം വിധികളെല്ലാം എന്ത്‌ ആശ്വാസമാണ്‌ പ്രദാനം ചെയ്യുക. അതുപോലെ ഇസ്‌ലാം മതം സ്വീകരിക്കുന്നതു കൊണ്ട്‌ കുടുംബ സ്വത്തിലെ അവകാശം നഷ്‌ടപ്പെടുകയില്ല എന്ന ഫത്‌വായും ആശ്വാസം നല്‍കുന്നതാണ്‌.

സാമ്പത്തിക രംഗത്ത്‌ ഒരുപാട്‌ പുതിയ ക്രമങ്ങള്‍ നിലവില്‍ വന്നു. ഇവയില്‍ നിന്ന്‌ ശരീഅത്ത്‌ അനുവദിക്കുന്നതും നിരോധിക്കുന്നതും വേര്‍തിരിക്കേണ്ടത്‌ അനിവാര്യമാണ്‌. പുതിയതെന്തിനോടും പുറംതിരിഞ്ഞു നില്‍ക്കുന്നതിന്‌ ന്യായീകരണമില്ല. ഹി. ഏഴാം നൂറ്റാണ്ടിലെ പ്രസിദ്ധ പണ്ഡിതനായ ശിഹാബുദ്ദീന്‍ അഹ്‌മദ്‌ ഖറാഫിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ:

``ഏത്‌ പുതിയ സമ്പ്രദായം നിലവില്‍ വന്നാലും നീ അത്‌ പരിഗണിക്കണം. ഒന്നു കാലഹരണപ്പെട്ടാല്‍ നീയും അതിനെ പുറംതള്ളുക. ജീവിതകാലം മുഴുവന്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടതില്‍ മരവിച്ചുകിടക്കരുത്‌. അത്‌ മതത്തിലെ വഴിതെറ്റലും പണ്ഡിതന്മാരുടെയും സലഫിന്റെയും ഉദ്ദേശ്യങ്ങളെപ്പറ്റിയുള്ള അജ്ഞതയുമാണ്‌.''

കാലത്തിന്റെയും സമ്പ്രദായങ്ങളുടെയും മാറ്റങ്ങളുമായി സമരസപ്പെട്ടുപോകാനുള്ള കരുത്താണ്‌ ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷത. ഇത്‌ സാക്ഷാല്‍കരിക്കും വിധം പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും മതവിധികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍ അതിനെ വ്യതിയാനമായി കാണുന്ന പ്രവണത യഥാര്‍ഥത്തില്‍ പൂര്‍വികരുടെ പാതയില്‍ നിന്നുള്ള വ്യതിയാനമാണ്‌. വീക്ഷണവ്യത്യാസത്തെ അംഗീകരിക്കുന്ന വിശാലമായ ഒരു മനസ്സിന്റെ അഭാവമാണ്‌ ഇന്ന്‌ മുസ്‌ലിംസമൂഹം നേരിടുന്ന വലിയ ഭീഷണി. ഇതും ഇന്നത്തെ തീവ്രവാദ ചിന്തയുടെ മറ്റൊരു രൂപമാണ്‌.

കടപ്പാട് : ശബാബ് വാരിക 
image credits :google

പി മുഹമ്മദ്‌ കുട്ടശ്ശേരി

0 പ്രതികരണങ്ങള്‍:

Did you want to postcomment? Click→comment

Post a Comment

new old home
 
back to topGet This